
രണ്ട് വർഷം മുമ്പ് കോർപ്പറേഷൻ പൂട്ടിയ ചന്ത വീണ്ടും തുറന്നത് അടുത്തിടെ
അഞ്ചാലുംമൂട്: സി.കെ.പി ജംഗ്ഷനിലെ കെട്ടിടത്തിൽ വീണ്ടും ചന്ത പ്രവർത്തനം ആരംഭിച്ചതോടെ അഞ്ചാലുംമൂട്- കൊല്ലം റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ചന്തയിലെത്തുന്നവർ വീതി കുറഞ്ഞ റോഡിനിരുവശവും ബൈക്കുകൾ പാർക്ക് ചെയ്യുന്നതാണ് നിലവിലെ ഗതാഗത കുരുക്കിന് കാരണം. കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് വാർഡനെ നിയമിച്ചെങ്കിലും ഫലം കണ്ടില്ല. ഗതാഗത കുരുക്ക് രൂക്ഷമാകുകയും അപകടങ്ങൾ പതിവാകുകയും ചെയ്തതോടെ ചന്ത മാറ്റി സ്ഥാപിക്കണമെന്നാവശ്യം ശക്തമാവുകയാണ്.
രണ്ട് വർഷം മുമ്പ് കോർപ്പറേഷൻ പൂട്ടിയ ചന്ത അടുത്തിടെയാണ് തുറന്നത്. ചന്ത പൂട്ടിക്കിടന്നപ്പോൾ പൊലീസും കോർപ്പറേഷൻ അധികൃതരും ജനപ്രതിനിധികളും ചേർന്ന് ചർച്ച നടത്തി സി.കെ.പി- കുരീപ്പുഴ ഭാഗത്തേക്കുള്ള റോഡിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് ചന്ത മാറ്റി സ്ഥാപിച്ചിരുന്നു. ഇവിടെ പാർക്കിംഗ് സൗകര്യവും ഒരുക്കി. ഇതോടെ അഞ്ചാലുംമൂട് കടവൂർ റൂട്ടിൽ ഗതാഗത കുരുക്കും അപകടവും ഒഴിഞ്ഞിരുന്നു. തിരക്കിൽപ്പെടാതെയും ഗതാഗതകുരുക്കില്ലാതെയും സി.കെ.പി- കുരീപ്പുഴ ഭാഗത്തെ പുതിയ ചന്തയിലെത്തി മത്സ്യം വാങ്ങാമെന്നിരിക്കെ ചന്ത പഴയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് രാഷ്ട്രീയ ഇടപെടൽ മൂലമാണെന്നും ആക്ഷേമുണ്ട്.
വീതികുറഞ്ഞ റോഡ്
താരതമ്യേന വീതികുറഞ്ഞ റോഡാണ് സി.കെ.പി ജംഗ്ഷനിലേത്. ഇടുങ്ങിയ റോഡിൽ അനധികൃത പാർക്കിംഗും കച്ചവടവും മൂലം മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാകാറുണ്ട്. ചന്തയിലെത്തുന്ന വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് കാരണം സമീപത്തെ തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് രോഗികൾക്കും മറ്റും പ്രവേശിക്കാനാവാത്ത അവസ്ഥയാണ്.
ഗതാഗതക്കുരുക്ക് എത്രയും വേഗം പരിഹരിക്കണം
നാട്ടുകാർ