പന്മന: പന്മനയിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാകുന്നു. ദേശീയ പാതയുടെ നിർമ്മാണമാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. കൊടും ചൂട് സമയമായതിനാൽ വൈദ്യുതി നിലയ്ക്കുന്നത് നാട്ടുകാരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ് .
പ്രദേശവാസികൾ ദുരിതത്തിൽ
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി ട്രാൻസ്ഫോർമറുകൾ ഇളക്കിമാറ്റിയത് കാരണം കരുനാഗപ്പള്ളി ചവറ മേഖലയിലേക്ക് ഒറ്റ ഫീഡറിൽ നിന്നാണ് ഇപ്പോൾ വൈദ്യുതി നൽകുന്നത് . ലോഡ് ക്രമാതീതമായി വർദ്ധിക്കുന്നത് മൂലം നിലവിലുള്ള സംവിധാനം ഓഫ് ആയി പോകുന്നതും വൈദ്യുതി മുടങ്ങാൻ കാരണമാണ്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ട്രാൻസ്ഫോർമറുകളും ലൈനുകളും മാറ്റി സ്ഥാപിക്കുമ്പോൾ പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ നടപടിയെടുക്കാൻ വൈദ്യുതി അധികൃതർക്ക് കഴിഞ്ഞില്ലെന്നാണ് നാട്ടുകാരുടെ പരാതി.