neehara-
ഭരതനാട്യമത്സരശേഷം നീഹാരീയ ഉമ്മ നൽകുന്ന മാതാവ് ജിത

കൊല്ലം: ഭരതനാട്യ മത്സരത്തിൽ അപ്രതീക്ഷിതമായി ശബ്ദ സംവിധാനം ചതിച്ചെങ്കിലും വിട്ടു കൊടുക്കാൻ കണ്ണൂർ മട്ടന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി നീഹാര തയ്യാറായിരുന്നില്ല. രണ്ടാം അവസരത്തിൽ ആടിയ നീഹാരയ്ക്ക് എ ഗ്രേഡിന്റെ തിളക്കം. പ്രകടനത്തോടെ എ ഗ്രേഡ് നേടിയാണ് നീഹാര വേദി വിട്ടത്. ഭരതനാട്യ മത്സരത്തിന് നൽകിയ ഫോണിലെ ശബ്ദസംവിധാനം തകരാറിലായതാണ് മത്സരം തടസപ്പെടുത്തിയത്.

സംഘാടകരെത്തി വീണ്ടും അവസരം നൽകാമെന്ന് പറഞ്ഞെങ്കിലും തെല്ല് ആശങ്കയോടെയാണ് നീഹാര ഗ്രീൻ റൂമിൽ കാത്തിരുന്നത്.

മത്സരശേഷം വേദിയിൽ മത്സരം വീക്ഷിക്കാനെത്തിയിരുന്ന ചലച്ചിത്ര താരങ്ങളായ നിഖില വിമൽ, ആശാ ശരത്ത് എന്നിവർ ആശംസകളുമായി അടുത്തെത്തി. പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയായ നീഹാര രണ്ടാം തവണയാണ് സംസ്ഥാന കലോത്സവത്തിലെത്തിയത്. അപ്പീലിലൂടെയാണ് മത്സരിക്കാനെത്തിയത്. ഇനി കേരളനടനം കൂടി ബാക്കിയുണ്ട്. പിന്തുണയുമായി മാതാപിതാക്കളും അദ്ധ്യാപകരുമായ രാജേഷും ജിതയും ഒപ്പമുണ്ട്. ആഷിഷ്, ഷെഫി, എന്നിവരാണ് ഗുരുക്കന്മാർ.