
കൊല്ലം: ഒടിഞ്ഞ കാലിന്റെ വേദന വകവയ്ക്കാതെയാണ് അനുഗ്രഹ് കലോത്സവ നഗരിയിലെത്തിയത്. ഹയർ സെക്കൻഡറി വിഭാഗം പൂരക്കളിക്ക് കൂട്ടുകാർക്കൊപ്പം എത്തിയെങ്കിലും വേദന കലശലായതോടെ വേദിയിൽ കസേരയിൽ ഇരുന്നു. കൂട്ടുകാർ പാടിക്കളിച്ചപ്പോൾ അവൻ താളമിട്ടു.
ഇന്നലെ രാത്രി പതിനൊന്നോടെയാണ് തൃശൂർ എടതിരിഞ്ഞ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിസംഘം പൂരക്കളി മത്സരത്തിൽ പങ്കെടുത്തത്. വിജയപ്രതീക്ഷയുള്ള മത്സരത്തിൽ പ്രധാനിയായ പ്ളസ് വൺ വിദ്യാർത്ഥി അനുഗ്രഹിന് രണ്ട് ദിവസം മുൻപാണ് പരിക്കേറ്റത്. പരിശീലനത്തിനിടെ കാൽവഴുതി വീണ് വലതുകാലിന് പൊട്ടലേറ്റു. കാലിൽ പ്ളാസ്റ്ററിട്ട് പൂർണ റെസ്റ്റ് നിർദ്ദേശിച്ചതാണ് ഡോക്ടർമാർ. എന്നാൽ കൂട്ടുകാർ മത്സരത്തിന് പോകുമ്പോൾ വീട്ടിലിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അനുഗ്രഹ് പ്ളാസ്റ്ററിട്ട കാലുമായി ഇറങ്ങി. തൃശൂർ മുതൽ കൊല്ലം വരെ യാത്ര ചെയ്തപ്പോഴേക്കും കാലിന്റെ വേദന കലശലായി. വേഷമിട്ട് വേദിയിലെത്തിയപ്പോൾ കൂടുതൽ വേദനയായി. കസേരയിൽ ഇരുത്തിയശേഷം മറ്റുള്ള പതിനൊന്നുപേരും ചേർന്ന് പൂരക്കളി നടത്തി. വിധിപ്രഖ്യാപനം വരാൻ പുലർച്ചെ ആകുമെന്നറിയാമെന്നതിനാൽ അനുഗ്രഹുമായി സംഘം നേരത്തേ മടങ്ങി.