കൊട്ടാരക്കര: കല്ലടയാറിന് കുറുകെ കുളക്കട ഇളംഗമംഗലം തൂക്കുപാലം തിരിച്ചെത്തി. നവീകരിച്ച പാലം ഉടൻ നാടിന് സമർപ്പിക്കും. കല്ലടയാറിന് കുറുകെ കൊല്ലം-പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുംവിധം 225 മീറ്റർ നീളത്തിലാണ് തൂക്കുപാലമുള്ളത്. കാൽനടയാത്രികർക്കാണ് പാലത്തിന്റെ ഉപയോഗം. നാലടി വീതിയുണ്ടെങ്കിലും വാഹനങ്ങൾ കടത്താനാകില്ല. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 54 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം പുതിക്കിപ്പണിഞ്ഞത്.
കാഴ്ചയിലും കേമം
കല്ലടയാറിന്റെ ജലനിരപ്പിന് മുകളിലായി മനോഹര കാഴ്ചയാണ് തൂക്കുപാലം. പാലത്തിൽ നിന്നാൽ ഇരുഭാഗങ്ങളിലേക്കും കണ്ണോടിക്കുന്നതും അതിലും സുന്ദരം. നേരത്തെ തൂക്കുപാലം സജീവമായി ഉപയോഗിച്ചിരുന്നപ്പോൾ ഹ്രസ്വ ചിത്രങ്ങൾക്കും വിവാഹ വീഡിയോകളുടെ ചിത്രീകരണത്തിനുമൊക്കെ മിക്ക ദിവസങ്ങളിലും ആളുകളെത്തിയിരുന്നു. ഫോട്ടോ ഷൂട്ടിനായി ദൂര നാടുകളിൽ നിന്ന് ആളുകൾ വന്നിരുന്നതാണ്. ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ടതായതിനാൽ സഞ്ചാരികളും ഇവിടേക്ക് എത്തും. പാലത്തിന്റെ തകർന്ന കോൺക്രീറ്റ് സ്ളാബുകൾക്ക് പകരം ഭാരം കുറഞ്ഞതും കൂടുതൽകാലം നിലനിൽക്കുന്നതുമായ അലൂമിനിയം പ്ളേറ്റുകളാണ് നടപ്പാതയിൽ നിരത്തിയിട്ടുള്ളത്. കൈവരികളും തൂക്കുകളുമൊക്കെ പുതിയത് സ്ഥാപിച്ചു. കൈവരികളുടെ ഉയരം കൂട്ടിയിട്ടുണ്ട്. ഇളംഗമംഗലം ഭാഗത്തെ ബലക്ഷയം സംഭവിച്ച തൂണിന്റെ തകരാറുകൾ പരിഹരിച്ചു.
കാലക്കേട്
2013ൽ ആണ് തൂക്കുപാലം നാടിന് സമർപ്പിച്ചത്. 89 ലക്ഷം രൂപ ചെലവിട്ടായിരുന്നു നിർമ്മാണം. കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നവേളകളിലാണ് പാലത്തിന്റെ കഷ്ടകാലം തുടങ്ങിയത്. പ്രളയത്തിൽ വലിയ മരങ്ങൾ ആറ്റുവെള്ളത്തിൽ ഒഴുകിയെത്തി പാലത്തിൽ ഇടിച്ചു. പ്രളയകാലത്ത് തീർത്തും പാലം നശിച്ചു. 2018ൽ കൊല്ലം കളക്ടറാണ് പാലത്തിൽക്കൂടിയുള്ള യാത്ര നിരോധിച്ചത്. അതോടെ പാലം അടഞ്ഞു, ശേഷിച്ചതും നശിച്ചു. ഒരു ഭാഗം തൂണിൽ നിന്ന് പൂർണമായും വിട്ടുമാറുകയും ചെയ്തു.