കൊല്ലം: 'കണ്ടാൽ അതിമോദം ഉണ്ടായി വരും വിപിനം ഇതുകണ്ടായോ'... നീട്ടിയെഴുതിയ ‘ലളിത’യുടെ കണ്ണുകളിൽ ഭാവങ്ങളുടെ തിരയിളക്കം.. ഒരു നാടിന്റെ മുഴുവൻ സ്നേഹം ഏറ്റുവാങ്ങിക്കൊണ്ട്, കുളത്തൂർ എസ്.ജി.എം.ജി.എച്ച്.എച്ചിലെ പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥി അനുഗ്രഹ് ശങ്കർ എച്ച്.എസ്.എസ് വിഭാഗം ആൺകുട്ടികളുടെ (സിംഗിൾ) കഥകളി മത്സരത്തിൽ കിർമ്മീരവധത്തിലെ ലളിതയായി നിറഞ്ഞാടിയപ്പോൾ കൂടെപ്പോന്നത് എ ഗ്രേഡിന്റെ തിളക്കം. അനുഗ്രഹിന്റെ നേട്ടം കൂലിപ്പണിക്കാരനായ അച്ഛൻ ബാബുവിന്റെയും സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ അമ്മ സുശീലയുടെയും കഷ്ടപാടിന്റെ കൂടി നേട്ടമാണ്. കടവാങ്ങിയും ആഭരങ്ങൾ വിറ്റുമാണ് ആദ്യകാലത്ത് കലോത്സവ വേദികളിൽ മകനൊപ്പം അവർ എത്തിയിരുന്നത്. ഇന്ന് സുഹൃത്തുകളും, നാട്ടുകാരും അദ്ധ്യാപകരും അവരുടെ സമ്പാദ്യത്തിൽ നിന്ന് നൽകിയ സഹായവും സ്നേഹാനുഗ്രഹം പോലെ അനുഗ്രഹിനൊപ്പമുണ്ടായിരുന്നു.

കഥകളി കലാകാരൻ കലാമണ്ഡലം പ്രേംകുമാറാണ് പരിശീലനം നൽകിയത്. ലളിതയുടെ ലാസ്യനൃത്തച്ചുവടുകൾ ഇരുപത് ദിവസം കൊണ്ടാണ് ഈ മിടുക്കൻ പഠിച്ചെടുത്തത്. ആദ്യമായി കഥകളി അവതരിപ്പിക്കുന്നതിന്റെ ആശങ്കകളൊന്നും അനുഗ്രഹിനെ അലട്ടിയതേയില്ല. കഴിഞ്ഞ വർഷം ആദ്യമായി അവതരിപ്പിച്ച ഓട്ടം തുള്ളലിനും എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു.

എൽ.കെ.ജി മുതൽ ഭരതാഞ്ജലി മധുസൂദനന്റെ ശിഷണത്തിൽ ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്നു. ഒരു രൂപപോലും വാങ്ങാതെയാണ് അദ്ദേഹം അനുഗ്രഹിനെ പഠിപ്പിക്കുന്നത്. കോഴിക്കോട് അത്തോളി കൊടശ്ശേരി സ്വദേശിയാണ് അനുഗ്രഹ് . ഓട്ടംതുള്ളൽ, കുച്ചിപ്പുടി മത്സരങ്ങൾ കൂടി അനുഗ്രഹിന് ഇനി ബാക്കിയുണ്ട്.