photo

കൊല്ലം: ചവറ് പെറുക്കുന്നതിനിടെ കിട്ടിയ അവസരത്തിലാണ് കൃഷ്ണകുമാരിയും കൂട്ടരും നാടകം കാണാൻ കയറിയത്. ഓരോ കഥാപാത്രങ്ങളും തങ്ങളാണെന്ന് തോന്നി, കഥമുഴുവൻ തങ്ങളുടേത് തന്നെയെന്ന് ഉറപ്പിച്ചു. തിരശീല വീണപ്പോൾ കണ്ണുനിറഞ്ഞു. നാടകക്കാർ പുറത്തെത്തിയപ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.

വികാര നിർഭര നിമിഷങ്ങളാണ് ഇന്നലെ കൊല്ലം പബ്ളിക് ലൈബ്രറി സോപാനം ഓഡിറ്റോറിയത്തിനകത്തും പുറത്തുമായി നടന്നത്.

നാടകം കാണാൻ കയറിയ കൃഷ്ണകുമാരിയും ഷാജിതയും ദീപ്തിയും കൊല്ലം കോർപ്പറേഷനിലെ ഹരിത കർമ്മ സേനാംഗങ്ങളാണ്. ഹയർ സെക്കൻഡറി വിഭാഗം നാടകമത്സരത്തിൽ ആദ്യം പങ്കെടുത്തത്, നാടകം ലഹരിയാണെന്ന് അവകാശപ്പെടുന്ന കണ്ണൂരുകാരാണ്. കണ്ണൂർ കതിരൂർ ജി.ബി.എച്ച്.എസ്.എസ്.എസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ചൊരുക്ക്' നാടകം ഒ.മാധവന്റെ പേരിലുള്ള വേദിയിൽ കൂടുതൽ ചർച്ചയുമായി.

വിവാദ കവിത

'കൊച്ചിയുടെ അടിപ്പടവിൽ

മലംനിറച്ച പാട്ടയുമായി അയാൾ നിന്നു

യാർ നീ?

കഴിഞ്ഞ നൂറ്റാണ്ടു ചോദിച്ചു

നാൻ ഇശക്കി മകൻ കുപ്പയാണ്ടി

അയാൾ വിനീതനായി'- കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത നേരത്തേ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു. ഈ കവിതയാണ് 'ചൊരുക്ക്' എന്ന പേരിൽ കണ്ണൂരിന്റെ പത്ത് കുട്ടിനാടകക്കാർ നാടകമാക്കിയത്. തോട്ടിപ്പണിക്കാരുടെ ജീവിതമാണ് പ്രമേയം. പ്രധാന കഥാപാത്രമായ തുമ്പിക്ക് അപ്പൻ മാത്രമാണുണ്ടായിരുന്നത്. ജഡ്ജിയുടെ വീട്ടിലെ സെപ്ടിക് ടാങ്ക് ക്ളീൻ ചെയ്യുന്നതിനിടെ ശ്വാസം മുട്ടി അപ്പൻ മരിച്ചതോടെ തുമ്പി ഏകയായി. കൂട്ടുകാരൻ കാളിയും ഇതേ സാഹചര്യത്തിൽ മരിച്ചു. എന്നിട്ടും ജീവിക്കാൻവേണ്ടി തുമ്പിയും തോട്ടിപ്പണിക്കാരിയായി.

നാടകം കഴിഞ്ഞിറങ്ങിയ 'തുമ്പി'യെ കൃഷ്ണകുമാരി കെട്ടിപ്പിടിച്ച് മുത്തം നൽകി. കൂത്തുപറമ്പ് പഴയനിരത്ത് അലൈനയിൽ അജേഷിന്റെയും ലയയുടെയും മകളായ ആർദ്ര‌യാണ് തുമ്പിയായി അഭിനയിച്ചത്. മുളങ്കാടകം ഡിവിഷനിൽ നിന്നുള്ള ഹരിതകർമ്മ സേനാംഗമാണ് മുളങ്കാടകം കൈതവാരം അരേന്റെ വടക്കതിൽ കൃഷ്ണകുമാരി. കുരീപ്പുഴ പുളിമൂട്ടിൽ തെക്കതിൽ ഷാജിതയ്ക്കും പുന്തലത്താഴം കൈലാസത്തിൽ ദീപ്തിക്കും ജീവിത പ്രാരാബ്ദ്ധങ്ങൾക്കിടയിൽ തങ്ങളുടെകൂടി ജീവിതം നാടകമായി കണ്ടതിന്റെ സന്തോഷമായിരുന്നു നിറയെ. പത്ത് മിനിട്ടോളം നാടകക്കുട്ടികളും ഹരിതകർമ്മസേനാംഗങ്ങളും വർത്തമാനം പറഞ്ഞുനിന്നതും സ്നേഹം പങ്കിടുന്നതും കാഴ്ചക്കാർക്കും കൗതുകമായി. അക്ഷത്, ദേവാഞ്ജലി, അനന്തിക, യദുരാഗ്, ആർ.അനിരുദ്ധ്, ബി.അനിരുദ്ധ്, അന്ന, ആഷിക്, അമൃത എന്നിവരാണ് ആർദ്രയ്ക്കൊപ്പം നാടകത്തിൽ അഭിനയിച്ചത്. കലാലയ വിദ്യാർത്ഥികളും നാടകപ്രവർത്തകരുമായ ഷഹർബിൻ കൊച്ചു (19), നിപുൻ (20) എന്നിവരാണ് നാടകം പഠിപ്പിച്ചത്.