
കൊല്ലം: ഹൈസ്കൂൾ വിഭാഗം നങ്ങ്യാർകൂത്തിൽ സി.അഞ്ചലയുടെ എ ഗ്രേഡിന് മൊഞ്ചേറെയുണ്ട്. ഒൻപതാണ്ട് മുന്നേ വാപ്പ മരിച്ചപ്പോൾ സർവതും നഷ്ടപ്പെട്ടെന്ന് കരുതിയിടത്ത് നിന്നാണ് അഞ്ചലയുടെ തുടക്കം. അദ്ധ്യാപകർ ചേർത്തുപിടിച്ചു, ക്ഷേത്രകലയിൽ ഉമ്മച്ചിക്കുട്ടി തിളങ്ങി.
മലപ്പുറം പോട്ടൂർ മോഡേൺ എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസുകാരി അഞ്ചലക്ക് കലയോട് അചഞ്ചലമായ സ്നേഹമാണ്. ഭരതനാട്യവും മോഹിനിയാട്ടവുമൊക്കെ പഠിക്കണമെന്ന മോഹം പൂവണിയിക്കാൻ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ ഉമ്മ റസീനയ്ക്ക് പാങ്ങില്ല. ഒടുവിൽ അദ്ധ്യാപകർ പ്രിയശിഷ്യയ്ക്കൊപ്പം നിന്നു. ക്ഷേത്ര കലയായ നങ്ങ്യാർകൂത്ത് പഠിപ്പിച്ചു. ഇതുവരെയെത്താൻ ചെലവായത് ചെലവായ ഒരു ലക്ഷത്തോളം രൂപ അദ്ധ്യാപകർ പകുത്തുനൽകി. കൊല്ലത്ത് നിറഞ്ഞ ചിരിയുമായി അഞ്ചല നടക്കുമ്പോൾ മകളുടെ എല്ലാ സ്വപ്നങ്ങളും സാർത്ഥമാക്കാൻ കഴിയാത്തതിന്റെ വലിയ സങ്കടം ഉമ്മ റസീനയ്ക്കുണ്ട്. കൃഷ്ണനും കംസനും ദേവകിയുമായി പകർന്നാടി കംസവധമാണ് അഞ്ചല നങ്ങ്യാർകൂത്തിൽ അവതിരിപ്പിച്ചത്. മലപ്പുറത്തിന്റെ അതിർത്തിയോട് ചേർന്ന് പാലക്കാട് ജില്ലയിലെ കുമ്പിടിയാണ് അഞ്ചലയുടെ നാട്. പഠിച്ച് ഡോക്ടറായി നല്ല ശമ്പളമൊക്കെ ആകുമ്പോൾ ഇപ്പോൾ പഠിക്കാൻ കഴിയാത്ത എല്ലാ നൃത്ത ഇനങ്ങളും പഠിക്കണമെന്നാണ് അഞ്ചലയുടെ ആഗ്രഹം.