
കൊല്ലം: വർക്കലയ്ക്കുള്ള യാത്രാമദ്ധ്യേയാണ് നടൻ അലൻസിയറിന് കലോത്സവത്തിലെ നാടകം കാണാൻ മോഹം തോന്നിയത്. പബ്ളിക് ലൈബ്രറി സോപാനം ഓഡിറ്റോറിയത്തിൽ ഇന്നലെ രാവിലെ അരങ്ങേറിയ നാടകങ്ങളിൽ രണ്ടെണ്ണം കണ്ടു. കുട്ടികളുടെ നാടകങ്ങൾ കണ്ട് മതിയായില്ലെങ്കിലും പോകാൻ തിടുക്കമുള്ളതിനാൽ പുറത്തേക്കിറങ്ങി. അപ്പോഴേക്കും നാടകക്കാരും കാഴ്ചക്കാരുമൊക്കെ അലൻസിയറിനെ വളഞ്ഞു. സെൽഫിയെടുപ്പിന്റെ തിരക്കായെങ്കിലും നാടകത്തിൽ അഭിനയിച്ച കുട്ടികളെ അഭിനന്ദിച്ചാണ് മടങ്ങിയത്. നടന്മാരായ മുകേഷും കെ.പി.എ.സി ലീലാകൃഷ്ണനും രാജേഷ് ശർമ്മയുമടക്കം ഒട്ടേറെ നാടകക്കാർ സദസിലുണ്ടായിരുന്നു.
പിള്ളേർക്ക് നാടറിയാം. അവരുടെ ഭാഷയും ശൈലിയും വ്യത്യസ്തമാണ്. എന്നെ അപ്ഡേറ്റ് ചെയ്യാൻ കൂടിയാണ് നാടകം കാണാൻ വന്നത്. സിനിമയുടെ അവസാനം ദി എൻഡ് എന്ന് എഴുതിക്കാണിക്കും. എന്നാൽ നാടകങ്ങൾ കർട്ടൻ വീണാലും അവസാനിക്കുന്നില്ല.
അലൻസിയർ