
കൊല്ലം: വേഷപ്പകർച്ചയിലൂടെ അഭിജിത്ത് അരിക്കൊമ്പനായും കരിന്തണ്ടനായും കുമാരനായും മാറിയപ്പോൾ കാഴ്ചക്കാർ കണ്ണുംകാതും കൂർപ്പിച്ചു. ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ അഭിജിത്തിന്റെ മിന്നുന്ന അഭിനയ മികവ് സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു അവർ. 'എന്തു കാട്ടാനാ?' നാടകവുമായാണ് തിരുവനന്തപുരം നന്ദിയോട് എസ്.കെ.വി.എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥിയായ എ.എൻ.അഭിജിത്തും കൂട്ടരും കൊല്ലത്തേക്ക് വണ്ടിവിട്ടത്. കറുപ്പിനോടുള്ള വെറുപ്പിനെക്കുറിച്ചാണ് നാടകം പറഞ്ഞത്. അതിൽ കഥാപാത്രങ്ങളായെത്തിയതാണ് അരിക്കൊമ്പനും കരിന്തണ്ടനുമൊക്കെ. ആനയാണെങ്കിലും നന്നായി വർത്തമാനം പറഞ്ഞിട്ടും പ്രതിഷേധിച്ചിട്ടുമാണ് അവർ മറഞ്ഞത്. സഞ്ജയ് സന്തോഷ്, അഭിനന്ദ്, നിമിഷ, അനുശ്രീ, മണികണ്ഠൻ, അജി, അദ്വൈത്, അനയ, ആദിത്ത് എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നും നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ട എ.എൻ.അഭിജിത്തിന് നാടകത്തെ ഇനിയും ചേർത്തുപിടിക്കാൻ തന്നെയാണ് ആഗ്രഹം.