
കൊല്ലം: പാഠപുസ്തകങ്ങളിൽ അക്ഷരങ്ങളേക്കാൾ അനന്യയുടെ കണ്ണുടക്കിയിരുന്നത് ചിത്രങ്ങളിലാണ്. അടുത്ത അദ്ധ്യയന വർഷത്തിൽ അനന്യ വരച്ച ചിത്രങ്ങളുള്ള പാഠപുസ്തകമാണ് കുട്ടികളുടെ കൈകളിലെത്തുക!.
ഇതിനിടെ ഇന്നലെ ചിത്രമെഴുത്തിൽ രണ്ട് സമ്മാനങ്ങൾ കൂടിയായപ്പോൾ ഇരട്ടി സന്തോഷം. ഹൈസ്കൂൾ ജലച്ചായത്തിലും പെൻസിൽ വരയിലുമാണ് എ ഗ്രേഡ് തിളക്കം. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ ചിത്രരചനയിൽ മൂന്നിനങ്ങളിലും അനന്യയ്ക്ക് എ ഗ്രേഡ് ലഭിച്ചപ്പോഴാണ് പാഠപുസ്തകത്തിലെ ചിത്രമെഴുത്തിന് ക്ഷണം ലഭിച്ചത്. 1, 3, 5, 7, 9 ക്ളാസുകളിലേക്കുള്ള പുസ്തകങ്ങളിലാണ് കൊല്ലം വിമലഹൃദയ ഗേൾസ് എച്ച്.എസ്.എസിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി അനന്യ.എസ്.സുഭാഷിന്റെ ചിത്രങ്ങൾ ഇടംപിടിച്ചത്. മലപ്പുറത്ത് വില്ലേജ് ഓഫീസറായ കൊല്ലം അയത്തിൽ സുനിൽ മന്ദിരത്തിൽ എസ്.സുഭാഷിന്റെയും എസ്.ശ്രീജയുടെയും മകളാണ്.