കരുനാഗപ്പള്ളി: ഇടക്കുളങ്ങര റെയിൽവേ ക്രോസിലെ അപകടക്കെണിക്ക് പരിഹാരമായി. ഡിസംബർ 30 ന് കേരള കൗമുദി പത്രത്തിൽ വന്ന വാർത്തയാണ് നാട്ടുകാർക്ക് തുണയായത്. വാർത്ത ശ്രദ്ധയിൽപ്പെട്ട റെയിൽവേ അധികൃതർ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു.
കുഴികൾ അടച്ച് ടാർ ചെയ്തു
ലെവൽ ക്രോസിലെ പാളത്തിന്റെ അടിയിലുള്ള മെറ്റിൽ ഇളകി മാറി കുഴികൾ രൂപപ്പെട്ടതാണ് അപകടങ്ങൾക്ക് കാരണമായത്. കഴിഞ്ഞ ഒരു വർഷമായി ഈ നില തുടരുകയായിരുന്നു. ക്രോസിലുടെ കടന്ന് പോകുന്ന വാഹനങ്ങൾ കുഴികളിൽ പെടുന്നതാണ് അപകടങ്ങൾക്ക് കാരണമായിത്. ഇരു ചക്ര വാഹനങ്ങശാണ് ഏറെയും അപകടത്തിൽ പെടുന്നത്. മഴ സീസണിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. വാർത്തയെ തുടർന്ന് മാവേലിക്കരയിൽ നിന്ന് സിവിൽ വിഭാഗത്തിലെ ജീവനക്കാർ എത്തി മെറ്റിൽ നിരത്തി കുഴികൾ അടച്ച് ടാർ ചെയ്തു. ഇനി യാത്രക്കാർക്ക് ആശങ്കവേണ്ട.