photo
നിരഞ്ജൻ ശ്രീലക്ഷ്മിയും സ്വാതി സഞ്ജീവും

കൊല്ലം: ആശ്രാമം മൈതാനത്തെ വെറുംതറയിലിരുന്ന് എ ഗ്രേഡ് സന്തോഷത്തിന്റെ ചിത്രമെടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി പിന്നിൽ നിന്നൊരാൾ കണ്ണുപൊത്തിയത്. പല പേരുകളും പറഞ്ഞുനോക്കിയെങ്കിലും കൈയെടുക്കും വരെയും പിന്നിലാരാണെന്ന് നിരഞ്ജൻ ശ്രീലക്ഷ്മിക്ക് മനസിലായില്ല. കൈയെടുത്ത് നോക്കിയപ്പോൾ അവൾ ഞെട്ടി. കൂട്ടുകാരി സ്വാതി സഞ്ജീവ്. അതോടെ ഇരുമുഖങ്ങളിലും ചിരിമുത്തുകൾ തെളിഞ്ഞു. തൃശൂർ പെരിങ്ങോട്ടുകര ജി.എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥിനിയായ നിരഞ്ജൻ ശ്രീലക്ഷ്മിയുടെയും എറണാകുളം ഫോർട്ട് കൊച്ചി ഇ.എം.ജി.എച്ച്.എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥിനിയായ സ്വാതിയുടെയും ജില്ലകൾകടന്നുള്ള സുഹൃദം തുടങ്ങുന്നത് ആർ.എൽവി സുബേഷ് കലാക്ഷേത്രയുടെ ശിക്ഷണത്തിൽ നൃത്തം പഠിക്കുമ്പോഴാണ്. ഫോർട്ട് കൊച്ചിയിലെത്താണ് നിരഞ്ജൻ ശ്രീലക്ഷ്മി സ്വാതിക്കൊപ്പം നൃത്തം പഠിക്കുന്നത്. കലോത്സവത്തിന് കൊല്ലത്തേക്ക് പുറപ്പെട്ടത് രണ്ട് സമയത്താണ്. മോഹിനിയാട്ട വേദിയിൽ പരസ്പരം ഏറ്റുമുട്ടി. രണ്ടുപേർക്കും എ ഗ്രേഡ് ലഭിച്ചു. ഭരതനാട്യത്തിനും നിരഞ്ജൻ ശ്രീലക്ഷ്മിക്ക് എ ഗ്രേഡുണ്ട്. ഇനി നാടോടി നൃത്തത്തിൽ പങ്കെടുക്കാനുണ്ട്. സ്വാതി മോഹിനിയാട്ടത്തിനു പുറമെ മോണോ ആക്ടിനുമുണ്ട്. കുട്ടികളുടെ ചങ്ങാത്തം കുടുംബങ്ങളുടെ ബന്ധമായി വളർന്നിട്ടുണ്ട്.