കൊല്ലം: അപ്പീലുകളുടെ എണ്ണം കുതിച്ചുയർന്നതോടെ കലോത്സവത്തിന്റെ സമയക്രമം അടിമുടി തെറ്റി. നൃത്തയിനങ്ങൾ നടക്കുന്ന വേദികളിലെല്ലാം രണ്ടാമത്തെ മത്സരം നിശ്ചയിച്ചതിനെക്കാൾ നാലും അഞ്ചും മണിക്കൂർ വൈകിയാണ് ആരംഭിക്കുന്നത്.

കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന കലോത്സവത്തിൽ 350 അപ്പീലുകൾ മാത്രമാണ് ആകെയുണ്ടായിരുന്നത്. എന്നാൽ കൊല്ലത്ത് രണ്ട് ദിവസം പിന്നിട്ടപ്പോൾ തന്നെ 423 അപ്പീലുകളായി. ഇതിൽ ഓരോ ജില്ലയിലെയും ഡി.ഡി.ഇമാർ അനുവദിച്ചതിന് പുറമേ മുൻസിഫ് കോടതിയും ഹൈക്കോടതിയും അനുവദിച്ചവയുമുണ്ട്. കഴിഞ്ഞ വർഷം ഹൈക്കോടതി അപ്പീൽ അനുവദിച്ചിരുന്നില്ല. ഇത്തവണ ഹൈക്കോടതി അപ്പീലുകൾ അനുവദിച്ചതോടെയാണ് എണ്ണം കുത്തനെ ഉയർന്നത്. ഇന്നലെ പുലർച്ചെ രണ്ട് മണിവരെ അപ്പീലുമായി മത്സരാർത്ഥിയെത്തി. റിസൾട്ട് തത്കാലം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി അപ്പീൽ അനുവദിക്കുന്നത്. പിന്നീട് ഹർജി പരിഗണിക്കുമ്പോൾ ഇവരുടെ ജില്ലയിൽ നിന്നു ഒന്നാം സ്ഥാനം നേടി എത്തിയവരെക്കാൾ കൂടുതൽ മാർക്ക് സംസ്ഥാന കലോത്സവത്തിൽ ലഭിച്ചാൽ മാത്രമേ അപ്പീൽ അന്തിമമാകുകയുള്ളൂ.

ഹയർസെക്കൻഡറി സംഘനൃത്തത്തിലാണ് ഏറ്റവും കൂടുതൽ അപ്പീലുകൾ വന്നത്. 14 ടീം പങ്കെടുക്കേണ്ടിടത്ത് 34 ടീമുകളുണ്ടായിരുന്നു. ഇതോടെ മത്സരം പുലർച്ചെ നാല് വരെ നീണ്ടു. കൂടുതൽ നേരം അവതരണ സമയമുള്ള ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ ആറ് ടീമുകൾ അപ്പീലുമായെത്തിയത് സ്റ്റേജിന്റെ ചുമതലയുള്ള അദ്ധ്യാപകരെയും വിധികർത്താക്കളെയും വല്ലാതെ അവശരാക്കി. വ്യക്തിഗത നൃത്തയിനങ്ങൾക്കും ഗ്രൂപ്പ് ഇനങ്ങൾക്കുമാണ് ഏറ്റവും കൂടുതൽ അപ്പീൽ വരുന്നത്. എന്നാൽ അപ്പീലുകളുടെ എണ്ണം കാരണം മത്സരം നീണ്ടത് ഒരു വേദിയിലും തൊട്ടടുത്ത ദിവസത്തെ മത്സരം ആരംഭിക്കുന്നതിനെ ഇതുവരെ ബാധിച്ചിട്ടില്ല.