കൊട്ടാരക്കര: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് സമൂഹത്തിന് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്രയ്ക്ക് കൊട്ടാരക്കരയിൽ സ്വീകരണം നൽകി. പുലമൺ ജംഗ്ഷനിൽ നടന്ന ജന സമ്പർക്ക ബോധവത്കരണ പരിപാടി ഡിവിഷൻ കൗൺസിലർ അരുൺ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ

എസ്.ഗിരീഷ്കുമാർ , എസ്.ബി.ഐ പുലമൺ ബ്രാഞ്ച് ചീഫ് മാനേജർ നിഥിൻ ഗോപി എന്നിവർ പങ്കെടുത്തു. യാത്രയുടെ നോഡൽ ഓഫീസർ സന്തോഷ് കുമാർ വികസിത് ഭാരത് സങ്കൽപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാൻമന്ത്രി ജൻധൻ യോജന, സബ്സിഡി വായ്പ പദ്ധതികളെ കുറിച്ച് എസ്.ബി.ഐ കൊട്ടാരക്കര ബ്രാഞ്ച് പ്രതിനിധി വി.എസ്.മിഥുൻ വിശദീകരിച്ചു. വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് വിദഗ്ധർ വിശദീകരണം നടത്തി.

ഉജ്ജ്വൽ യോജനയെ കുറിച്ച് ഐ.ഒ.സി ഏജൻസി പ്രതിനിധി സുദർശനൻപിള്ള സംശയ നിവാരണം നടത്തി. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയുടെ യോഗ്യത മാനദണ്ഡങ്ങൾ വിശദീകരിച്ചു. സൗജന്യ പാചക വാതക കണക്ഷൻ വിതരണം, ജീവിത ശൈലിരോഗ നിർണയ ക്യാമ്പുകൾ എന്നിവയും നടന്നു.