കൊല്ലം: മുക്കുപണ്ടം പണയംവെച്ച് സഹകരണ ബാങ്കുകളിൽ നിന്നു പണം തട്ടിയെടുത്ത സംഘത്തിൽ ഒരാൾ കൂടി പിടിയിലായി. കരിക്കോട് മുണ്ടോലിൽ താഴതിൽ ക്ലീറ്റസ് മകൻ അഖിൽ ക്ലീറ്റസാണ് (29) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
പല സഹകരണ ബാങ്കുകളിലായി 191.9 ഗ്രാം തൂക്കം വരുന്ന 23 വ്യാജ സ്വർണ വളകൾ പണയം വെച്ച് 7,85,000 രൂപ തട്ടിയെടുത്ത കേസിൽ കൊറ്റംകര, പുതുവൽ പുത്തൻ വീട്ടിൽ ശ്യാംകുമാറിനേയും സിനിയേയും നേരത്തെതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് തട്ടിപ്പ് നടത്താൻ ആവശ്യമായ മുക്കുപണ്ടങ്ങൾ എത്തിച്ച് നൽകിയ കുറ്റത്തിനാണ് അഖിൽ ക്ലീറ്റസിനെ അറസ്റ്റ് ചെയ്യ്തത്. സഹകരണ ബാങ്കിലെ ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പണയംവെച്ച ആഭരണങ്ങൾ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മുക്കുപണ്ടം ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കിളികൊല്ലൂർ പൊലീസിന് നൽകിയ പരാതിയിലാണ് അറസ്റ്റ്.