kunnathoor-
ശാസ്താംകോട്ട കോളേജ് റോഡിലെ കുഴികളിൽ യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ റിയാസ് പറമ്പിൽ,മണ്ഡലം പ്രസിഡന്റ്‌ ലോജു ലോറൻസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡിൽ വാഴ വെച്ച് പ്രതിഷേധിക്കുന്നു

കുന്നത്തൂർ : വർഷങ്ങളായി തകർന്നു തരിപ്പണമായി കിടക്കുന്ന ശാസ്താംകോട്ട കോളേജ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ റോഡിൽ വാഴ വെച്ച് പ്രതിഷേധിക്കുകയും പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിക്കുകയും ചെയ്തു. കോളേജ്,സിവിൽ സ്റ്റേഷൻ,പൊലീസ് സ്റ്റേഷൻ, കോടതി ഉൾപ്പെടെ കുന്നത്തൂർ താലൂക്കിലെ നിരവധി സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് കോളേജ് റോഡിനോട് ചേർന്നാണ്. കോളേജ് വിദ്യാർത്ഥികളെ കൂടാതെ ഇവിടേക്ക് വിവിധ ആവശ്യങ്ങൾക്കായി ദിവസവും നൂറുകണക്കിനാളുകളാണ് എത്തുന്നത്. മെറ്റലിളകി തകർന്ന് കിടക്കുന്ന റോഡിലൂടെ കാൽനട യാത്ര പോലും ദുഷ്കരമാണ്. തകർന്ന റോഡിലൂടെ ഓട്ടോറിക്ഷകൾ ഓട്ടം വരാറില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌ ശാസ്താംകോട്ട മണ്ഡലം കമ്മിറ്റി രംഗത്തെത്തിയത്. ഉപരോധത്തെ തുടർന്ന് നടത്തിയ ചർച്ചയിൽ അടിയന്തര പരിഗണന നൽകി റോഡ് സഞ്ചാരയോഗ്യമാക്കാമെന്ന പി.ഡബ്യൂ.ഡി അധികൃതരുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. ബ്ലോക്ക്‌ പ്രസിഡന്റ്‌ റിയാസ് പറമ്പിൽ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ലോജു ലോറൻസ് അദ്ധ്യക്ഷനായി. ദിനേശ് ബാബു,വിപിൻ സിജു,സനു ലാൽ,നാദിർഷാ കാരൂർക്കടവ്,എബിലന്റ്,നിയാസ്,മുകേഷ്.എം,സിയാദ് ഭരണിക്കാവ്,റിജോ റെജി,അഭിഷേക്,അബ്ദുള്ള, അർഷാദ്,ജിതിൻസ്‌,ഉമേഷ് കുന്നത്തൂർ എന്നിവർ സംസാരിച്ചു.