പാരിപ്പള്ളി: പാമ്പുറം പൊയ്ക മുക്കിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് പാതയോരത്ത് മാലിന്യം നിക്ഷേപിച്ച സ്ഥാപനത്തിന് പിഴ ചുമത്തി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസന്റെ നിർദ്ദേശപ്രകാരം സ്ഥല പരിശോധന നടത്തിയ അസിസ്റ്റന്റ് സെക്രട്ടറി അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ചാക്കുകെട്ടുകൾ തുറന്നു പരിശോധിച്ചതിൽ മീനമ്പലം ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന ഒരു സ്ഥാപനത്തിന്റെ മാലിന്യങ്ങളാണ് എന്ന് കണ്ടെത്തുകയും പിഴ ചുമത്തുകയുമായിരുന്നു. മാലിന്യം നിക്ഷേപിച്ചതിന് 10000 രൂപയും ലൈസൻസ് ഇല്ലാത്ത കുറ്റത്തിന് 2000 രൂപയുമാണ് പിഴ ചുമത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ.ശ്വേത,​ മാലിന്യ സംസ്കരണത്തിന്റെ ചുമതലയുള്ള ക്ലാർക്ക് അബ്ദുൽ ലത്തീഫ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. തുടർ പരിശോധനകൾ കർശനമാക്കുമെന്നും പൊതുജനങ്ങൾ വിവരങ്ങൾ നൽകണമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസൻ അറിയിച്ചു