balagopal

കൊ​ല്ലം: പൊന്നുസാറേ,​ രക്ഷിക്കണം... എന്നെ മത്സരിക്കാൻ അനുവദിക്കണം...

മുഖത്ത് ചായം തേച്ച് മോഹിനിയാട്ടത്തിന് കാത്തിരുന്ന വിദ്യാർത്ഥിനി മന്ത്രി കെ.എൻ.ബാ​ല​ഗോ​പാ​ലിന്റെ കാ​ലുപി​ടി​ച്ച് കരഞ്ഞു. മന്ത്രി പക്ഷേ,​ നിസ്സഹായനായിരുന്നു. സംഭവം കോടതി വിഷയമാണ്.

സ്വന്തം നാട്ടിലെ കലോത്സവം കാണാനെത്തിയപ്പോൾ ഇങ്ങനെയൊരു അനുഭവം മന്ത്രിയെയും വിഷമിപ്പിച്ചു. കുട്ടിയെ സമാധാനിപ്പിച്ച്,​ ധൈര്യംപകർന്നു അദ്ദേഹം.

സംഭവമിതാണ്. കോ​ഴി​ക്കോ​ട് പ്രൊ​വി​ഡന്റ്​സ് എ​ച്ച്.എ​സ്.എ​സി​ലെ പ്ല​സ് വൺകാരി സം​വർ​ണയുടെ അപ്പീൽ ഇന്നലെ ജി​ല്ലാ കോ​ട​തി അനുവദിച്ചു. വക്കീൽ ഇക്കാര്യം വാട്ട്സാപ്പിലൂടെ രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് നൃത്തത്തിനൊരുങ്ങിവന്ന് കാത്തിരുന്നു. പേര് വിളിക്കാതായപ്പോൾ തിരക്കി. കോ​ട​തി​യിൽ നി​ന്ന് നേ​രി​ട്ട് മെ​യിൽ വ​രാതെ ഒന്നും ചെയ്യാനാവില്ലെന്ന് അധികൃതർ തീർത്തു പറഞ്ഞു. വൈകാതെ മത്സരം പൂർത്തിയാക്കി കർട്ടനും വീണു. തുടർന്നാണ് സദസിൽ മുൻനിരയിലുണ്ടായിരുന്ന മന്ത്രിയുടെ കാലുപിടിച്ച് കരഞ്ഞത്.

ജി​ല്ലാ​ത​ല മ​ത്സ​രഫ​ലം ചോ​ദ്യം ചെ​യ്​താ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ന​ട​പ​ടി ക്ര​മ​ങ്ങൾ പൂർ​ത്തീ​ക​രി​ക്കു​ന്ന​തി​നി​ടെ സ​മ​യം അ​തി​ക്ര​മി​ച്ച​താ​ണ് സം​വർ​ണ​യ്​ക്ക് വി​ന​യാ​യ​ത്. കോ​ഴി​ക്കോ​ട്ടെ എം.ആർ.ഷാ​ജി​യു​ടെ​യും ഉ​ദ​യ ഷാ​ജി​യു​ടെ​യും മ​ക​ളാ​ണ്. ക​ഴി​ഞ്ഞ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തിൽ ഹൈ​സ്​കൂൾ വി​ഭാ​ഗം കേ​ര​ള ന​ട​ന​ത്തിൽ എ ഗ്രേ​ഡ് നേ​ടി​യി​രു​ന്നു.