കൊല്ലം: അന്ധ ദമ്പതികളായ റംലയും സിദ്ധിഖും ഉൾക്കണ്ണാൽ കലോത്സവം കാണുകയാണ്. മൂകാഭിനയത്തിൽ കൈയടി നിറഞ്ഞപ്പോൾ ഇരുവരും ഒപ്പംകൂടി. ഓർമവച്ച നാൾ മുതലുള്ള റംലയുടെ സ്വപ്നമാണ് സിദ്ദിഖ് സഫലമാക്കിയത്.
കാഴ്ചയില്ലാത്ത കുഞ്ഞു റംലയെ കലോത്സവ വേദികളിലേക്ക് കൈപിടിച്ചു കൊണ്ടുപോകാൻ ആരുമുണ്ടായില്ല. കാഴ്ചയില്ലെങ്കിലും ഞാൻ ഉൾക്കണ്ണ് കൊണ്ട് കാണുമെന്ന കുഞ്ഞു റംലയുടെ വാക്കുകൾ ആരും വിശ്വസിച്ചില്ല. അല്പം മുതിർന്നപ്പോൾ ഒറ്റയ്ക്ക് പോകാനുള്ള യാത്രയ്ക്കുള്ള പണമില്ല. ഒരു ജോലി കിട്ടിയാൽ കാഴ്ചകളൊക്കെ ഒറ്റയ്ക്ക് കറങ്ങിനടന്ന് കാണാം. അതിനായി റംല വാശിക്ക് പഠിച്ചു. നാല് വർഷം മുൻപ് അറബി അദ്ധ്യാപികയായി ജോലി ലഭിച്ചു. എന്നിട്ടും ഒറ്റയ്ക്ക് കൂടുതൽ ദൂരം സഞ്ചരിക്കാനുള്ള ധൈര്യം വന്നില്ല. അങ്ങനെയിരിക്കെ മൂന്ന് വർഷം മുന്നേ സിദ്ധിഖ് റംലയെ ചേർത്തുപിടിച്ചു. അസബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് എന്ന സംഘടന പാലക്കാട് സ്വദേശികളായ ഇരുവരുടെയും വിവാഹം നടത്തി.
ബീമാപ്പള്ളി ഗവ. യുപി.എസിലെ അറബി അദ്ധ്യാപികയാണ് റംല. സിദ്ധിഖിന് ചെറിയ കച്ചവടമാണ്. കരമന ഗവ. ക്വാട്ടേഴ്സിലാണ് താമസം. സിദ്ധിഖിനെ കൂട്ടിന് കിട്ടിയതിന് പിന്നാലെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം യാഥാർത്ഥ്യമാക്കാൻ റംല തീരുമാനിച്ചു. പക്ഷെ കൊവിഡ് വില്ലനായി. ഇത്തവണ കലോത്സവം കൊല്ലത്തായതിനാൽ കൂടുതൽ ദൂരം സഞ്ചരിക്കേണ്ട. അങ്ങനെ രണ്ട് പേരും അതിരാവിലെ വീട്ടിൽ നിന്നിറങ്ങി. പൊലീസുകാരും ഓട്ടോറിക്ഷക്കാരും വഴികൾ പറഞ്ഞുനൽകി. കലോത്സവ വേദികളാകുമ്പോൾ കൈപിടിച്ചു കൊണ്ടുപോകാൻ നല്ല ഹൃദയങ്ങൾ ഉണ്ടാകും. ആ പ്രതീക്ഷയും തെറ്റില്ല. മുകാഭിനയം കഴിഞ്ഞപ്പോൾ സിദ്ധിഖ് പറഞ്ഞു. 'ഇനി മാപ്പിളപ്പാട്ട് കേൾക്കാം..' കേട്ടപാടെ സദസിലുണ്ടായിരുന്ന മൂകാഭിനയ മത്സരാർത്ഥി വഴികാട്ടാൻ ഒപ്പം കൂടി.