photo

കൊല്ലം: വരദ് ശ്രീ പാർത്ഥസാരഥി വർത്തമാനം പറയാൻ തുടങ്ങി​യി​ട്ട് വെറും നാലു വർഷമേ ആകുന്നുള്ളൂ. ഇന്നലെ ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ അവൻ എ ഗ്രേഡ് സ്വന്തമാക്കിയപ്പോൾ, ജീവി​തത്തി​ൽ തോൽപ്പി​ക്കാൻ ശ്രമി​ച്ച വി​ധി​ സാഷ്ടാംഗം പ്രണമി​ച്ചു നി​ന്നു!

ഓട്ടിസത്തിന്റെ മറ്റൊരു അവസ്ഥയിലൂടെയാണ് വരദ് കടന്നുപോകുന്നതെങ്കിലും സംഗീതവുമായുള്ള ആത്മബന്ധമാണ് അവന്റെ ജീവിതഗതിയെ ഇപ്പോൾ നിയന്ത്രിക്കുന്നത്. ആലപ്പുഴ തത്തംപള്ളി വേന്തൽപറമ്പിൽ ഭദ്രാലയത്തിൽ പ്രവാസിയായ വി.അനിൽകുമാറിന്റെയും അസാപിൽ ഇംഗ്ളീഷ് ട്രെയിനറായ കെ.ആർ.ശ്രീലക്ഷ്മിയുടെയും ഏക മകനാണ് ആലപ്പുഴ എസ്.ഡി.വി ബി.എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാർത്ഥിയായ വരദ് ശ്രീ പാർത്ഥസാരഥി. ഏഴാം വയസിലാണ് സ്കൂളിൽ ചേർത്തത്. സംസാരിക്കാൻ ശ്രമിക്കുമായിരുന്നെങ്കിലും വാക്കുകൾ പുറത്തേക്ക് വരില്ലായിരുന്നു.വഴിപാടുകളുമായി മാതാപിതാക്കൾ കയറിയിറങ്ങാത്ത ക്ഷേത്രങ്ങളില്ല. പതിയെ അവനിൽ മാറ്റങ്ങൾ പ്രകടമായി. ടി.വി പരിപാടികൾ നോക്കിയിരുന്ന് അതേപടി അനുകരിക്കാൻ തുടങ്ങി. വിവിധ ഭാഷാ ചിത്രങ്ങളടക്കം കണ്ടു. തമിഴും തെലുങ്കും ഹിന്ദിയും അറബിക്കും വായിക്കാനും എഴുതാനും സ്വയം ശീലിച്ചു.ശാസ്ത്രനാമങ്ങളും വേദങ്ങളുമൊക്കെ പഠിച്ചു. ടി.വിയിലെ പാട്ടുകൾ കേട്ട് പാടുന്നത് മാതാപിതാക്കൾ അദ്ഭുതത്തോടെ കണ്ടുനിന്നു. മരിച്ചുപോയ അമ്മൂമ്മ രാജലക്ഷ്മിയുടെ സംഗീതവാസനയാണ് വരദിന് ലഭിച്ചതെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് സംഗീതം പഠിപ്പിച്ചത്. അത് വലിയ മാറ്റങ്ങൾക്കിടയാക്കി. പാട്ടിനൊപ്പം നാവ് വഴങ്ങി, നന്നായി വർത്തമാനം പറഞ്ഞുതുടങ്ങി. കഴിഞ്ഞവർഷവും ശാസ്ത്രീയസംഗീതത്തിന് എ ഗ്രേഡുണ്ടായിരുന്നു. നന്നായി കവിതചൊല്ലാറുമുണ്ട്.

കൃത്യത, സ്ഫുടത

'കലയാമി രഘുരാമ...' ബേഗഡ രാഗത്തിൽ സ്വാതിതിരുനാൾ കൃതി വരദ് ശ്രീ പാർത്ഥസാരഥി പാടിത്തുടങ്ങിയപ്പോൾ സദസ് കണ്ണും കാതും കൂർപ്പിച്ചു. സ്വരശുദ്ധയോടെ അക്ഷരസ്ഫുടതയിൽ കൃത്യതയോടെ അവൻ പാടി. പാട്ട് നിറുത്തിയതും സദസ് നിറഞ്ഞ കൈയടി.

പിറന്നാൾ വിജയം

ധനുമാസത്തിലെ രേവതിയാണ് നക്ഷത്രമെങ്കിലും ജനുവരി ആറിനാണ് വരദിന്റെ പിറന്നാൾ ആഘോഷിക്കാറുള്ളത്. ഇന്നലെ കലോത്സവ നഗരിയിൽ മധുരം വിതരണം ചെയ്തുകൊണ്ടായിരുന്നു പതിനേഴാം പിറന്നാൾ സന്തോഷം പങ്കിട്ടത്.