
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലേക്ക് ആദ്യമായെത്തിയ അനന്തനുണ്ണി, കന്നിമത്സരങ്ങൾ ഓർമ്മയിലെന്നും സൂക്ഷിക്കാവുന്ന ഇനങ്ങളാക്കി മാറ്റി. ബെന്യാമിന്റെ ആടുജീവിതത്തിലെ നായകനായ നജീബിന്റെ കഥ നാടോടി നൃത്തമായി അരങ്ങിൽ അവതരിപ്പിച്ച അനന്തനുണ്ണിക്ക് എ ഗ്രേഡിന്റെ തിളക്കം.
ആലപ്പുഴ കൊയ്പ്പളളി കാരാണ്മ വി.എസ്.എസ് എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അനന്തനുണ്ണി. കഴിഞ്ഞ ദിവസം നടന്ന കഥകളി മത്സരത്തിലും എ ഗ്രേഡ് നേടിയിരുന്നു. എട്ടിന് കേരള നടനമാണ് ഇനി ബാക്കിയുള്ള ഇനം. ചെട്ടികുളങ്ങര സ്വദേശിയായ അനന്തന്റെ വീട്ടിൽ നിന്ന് ബെന്യാമിന്റെ നാടായ കുളനടയിലേക്ക് 23 കിലോമീറ്റർ മാത്രമാണുള്ളത്.
ബെന്യാമിനെ നേരിൽ കാണണം, കുറച്ച് നേരം സംസാരിക്കണം എന്നതാണ് അനന്തനുണ്ണിയുടെ ആഗ്രഹം. അമ്മ തുഷാരയാണ് നൃത്തത്തിൽ ഗുരു. ഒന്നാം ക്ലാസ് മുതൽ നൃത്തം അഭ്യസിക്കുന്നുണ്ടായിരുന്നു. നജീബിന്റെ ജീവിതം പോലെ ഉള്ളു നിറയുന്ന മറ്റൊരു വേദന കൂടി ഈ നൃത്താവിഷ്കാരത്തിന് പിന്നിലുണ്ട്. ഒരുപാട് നാടോടി നൃത്ത ഗാനങ്ങൾ ഒരുക്കിയ തൃശൂർ ജയൻ എന്ന ജയൻ മാഷ് കൊവിഡ് ബാധിച്ചാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ആടുജീവിതം നാടോടി നൃത്ത രൂപത്തിൽ അവതരിപ്പിക്കണമെന്നത്. പക്ഷേ, അത് നേരിൽ കാണാൻ അദ്ദേഹം ഇല്ലാതിരുന്നത് വിജയത്തിളക്കത്തിലും അനന്തനുണ്ണിയുടെ നൊമ്പരമായി.
മൃദംഗം, വയലിൻ എന്നിവയിലും പരിശീലനം നടത്തുന്നുണ്ട്. ഫുട്ബോൾ ഏറെ ഇഷ്ടപ്പെടുന്ന, അർജന്റീന ആരാധകനായ അനന്തനുണ്ണി ജില്ലാ ഫുട്ബോൾ ടീമിലും കളിക്കുന്നുണ്ട്. ചേർത്തലയിൽ നടന്ന ജില്ലാ കലോത്സവത്തിൽ മത്സരിച്ച അഞ്ചിനങ്ങളിൽ മൂന്നിലും ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാന കലോത്സവത്തിലെത്തിയത്.