
കൊല്ലം: 'ചെങ്ങായീ ങ്ങള് അറിഞ്ഞോ, ഓന് എ ഗ്രേഡുണ്ടെന്ന്"- കോഴിക്കോട് കുണ്ടുതോട്ടിലെ ഓട്ടോ സ്റ്റാൻഡിലെ കമ്പനിക്കാരെ വിളിച്ചാണ് പ്രശാന്ത് ആദ്യ സന്തോഷം പങ്കിട്ടത്.
ഓട്ടോ ഡ്രൈവർ കെ.എൻ.പ്രശാന്ത് മൂത്തമകൻ അഭിരാമിനൊപ്പം കൊല്ലത്തേക്ക് തിരിച്ചത് മുതൽ കമ്പനിക്കാര് കാത്തിരിപ്പാണ്. ഇതാണ് വിധിപ്രഖ്യാപനം വന്നയുടൻ ഫലം വിളിച്ചറിയിച്ചത്. കോഴിക്കോട് ചാത്തൻകോട് നട എ.ജെ.ജോൺ മെമ്മോറിയൽ എച്ച്.എസ്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥിയാണ് കെ.പി.അഭിരാം. കുട്ടിക്കാലത്തേ അഭിരാം ഓട്ടോറിക്ഷയുടെയും മൃഗങ്ങളുടെയും ശബ്ദങ്ങൾ അനുകരിച്ചിരുന്നു. അനുരാഗ വിലോചനനായി എന്ന ചലച്ചിത്രഗാനം വിവിധ വാദ്യാപകരണങ്ങളിലൂടെ വായിക്കുന്നതടക്കം വേദിയിൽ എത്തിച്ചാണ് അഭിരാം താരമായത്. വയലിനും തബലയും കീ ബോർഡും ഡി.ജെയുമൊക്കെയുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഡി ഗ്രേഡ് കിട്ടിയതിന്റെ സങ്കടം ഇന്നലെ പെയ്തൊഴിഞ്ഞു. വീട് നിർമ്മിക്കാൻ ബാങ്ക് വായ്പയെടുത്ത ബാദ്ധ്യത പ്രശാന്തിന്റെയും ഭാര്യ അർച്ചനയുടെയും മുന്നിലുണ്ട്. എന്നാലും ഇല്ലായ്മകൾ അറിയിക്കാതെയാണ് മക്കളെ വളർത്തുന്നത്. ഇളയമകൻ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയായ അശ്വന്തും കലാരംഗത്ത് തുടക്കംകുറിച്ചിട്ടുണ്ട്.