goatlife

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ വേദി​യി​ലേക്ക് ആദ്യമായെത്തി​യ അനന്തനുണ്ണി​, കന്നി​മത്സരങ്ങൾ ഓർമ്മയി​ലെന്നും സൂക്ഷി​ക്കാവുന്ന ഇനങ്ങളാക്കി​ മാറ്റി​. ബെന്യാമിന്റെ ആടുജീവിതത്തിലെ നായകനായ നജീബിന്റെ കഥ നാടോടി​ നൃത്തമായി​ അരങ്ങിൽ അവതരി​പ്പി​ച്ച അനന്തനുണ്ണി​ക്ക് എ ഗ്രേഡി​ന്റെ തി​ളക്കം.

ആലപ്പുഴ കൊയ്പ്പളളി കാരാണ്മ വി.എസ്.എസ് എച്ച്.എസി​ലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അനന്തനുണ്ണി. കഴിഞ്ഞ ദിവസം നടന്ന കഥകളി മത്സരത്തിലും എ ഗ്രേഡ് നേടിയിരുന്നു. എട്ടിന് കേരള നടനമാണ് ഇനി ബാക്കിയുള്ള ഇനം. ചെട്ടികുളങ്ങര സ്വദേശിയായ അനന്തന്റെ വീട്ടി​ൽ നി​ന്ന് ബെന്യാമിന്റെ നാടായ കുളനടയിലേക്ക് 23 കിലോമീറ്റർ മാത്രമാണുള്ളത്.

ബെന്യാമിനെ നേരിൽ കാണണം, കുറച്ച് നേരം സംസാരിക്കണം എന്നതാണ് അനന്തനുണ്ണി​യുടെ ആഗ്രഹം. അമ്മ തുഷാരയാണ് നൃത്തത്തിൽ ഗുരു. ഒന്നാം ക്ലാസ് മുതൽ നൃത്തം അഭ്യസി​ക്കുന്നുണ്ടായി​രുന്നു. നജീബിന്റെ ജീവിതം പോലെ ഉള്ളു നിറയുന്ന മറ്റൊരു വേദന കൂടി ഈ നൃത്താവിഷ്കാരത്തിന് പിന്നിലുണ്ട്. ഒരുപാട് നാടോടി നൃത്ത ഗാനങ്ങൾ ഒരുക്കിയ തൃശൂർ ജയൻ എന്ന ജയൻ മാഷ് കൊവിഡ് ബാധി​ച്ചാണ് മരി​ച്ചത്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ആടുജീവിതം നാടോടി നൃത്ത രൂപത്തിൽ അവതരിപ്പിക്കണമെന്നത്. പക്ഷേ, അത് നേരിൽ കാണാൻ അദ്ദേഹം ഇല്ലാതി​രുന്നത് വിജയത്തിളക്കത്തിലും അനന്തനുണ്ണി​യുടെ നൊമ്പരമായി​.

മൃദംഗം, വയലിൻ എന്നിവയിലും പരിശീലനം നടത്തുന്നുണ്ട്. ഫുട്ബോൾ ഏറെ ഇഷ്ടപ്പെടുന്ന, അർജന്റീന ആരാധകനായ അനന്തനുണ്ണി​ ജില്ലാ ഫുട്ബോൾ ടീമിലും കളിക്കുന്നുണ്ട്. ചേർത്തലയിൽ നടന്ന ജില്ലാ കലോത്സവത്തിൽ മത്സരിച്ച അഞ്ചിനങ്ങളിൽ മൂന്നിലും ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാന കലോത്സവത്തിലെത്തി​യത്.