
കൊല്ലം: വേദിയിൽ പരസ്പരം മത്സരിച്ചവർ പുറത്ത് മരത്തണൽ പറ്റിയിരുന്ന് കൂട്ടുകൂടി. കലോത്സവം നൽകുന്ന സൗഹൃദത്തിന്റെ അദ്ധ്യായങ്ങളാണ് അവർ തുറന്നത്.
ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ മത്സരിച്ച രണ്ടുപേർക്കും എ ഗ്രേഡ് ലഭിച്ചിരുന്നു. രണ്ട് സന്തോഷങ്ങളുടെ കണ്ടുമുട്ടലും പുതിയ സൗഹൃദത്തിന്റെ തുടക്കവും ഇരു കുടുംബാംഗങ്ങൾക്കും ഇഷ്ടമായി. രണ്ടുപേരും ഇട്ടിരുന്ന വസ്ത്രങ്ങളുടെ ചേർച്ചയും കൗതുകമായി. മലപ്പുറം താനൂർ നിറത്തിൽ കെ.ജയരാജിന്റെയും എൻ.രജനിയുടെയും മകനാണ് മലപ്പുറം തെച്ചാലിൽ എസ്.എസ്.എം.എച്ച്.എസ്.എസിലെ എട്ടാം ക്ളാസ് വിദ്യാർത്ഥി കെ.റോബിൻ. മികച്ച ഫുട്ബോൾ കളിക്കാരനായ റോബിൻ തിരൂർ ബ്രദേഴ്സ് ബേബി ലീഗിലെ ഫോർവേഡ് താരമാണ്. മുത്തുസ്വാമി ദീക്ഷിതരുടെ മാമോ മീനാക്ഷിയെന്നുതുടങ്ങുന്ന കൃതിയാണ് വരാളി രാഗത്തിൽ റോബിൻ പാടിനിറച്ചത്. ഇന്ന് സംസ്കൃത ഗാനാലാപനത്തിലും പങ്കെടുക്കുന്നുണ്ട്.
പാലക്കാട് ശ്രീകൃഷ്ണപുരം നെടുമ്പക്കുനി മനയിൽ നെടുമ്പള്ളി രാം മോഹന്റെയും മീരയുടെയും മകനാണ് എൻ.നിരഞ്ജൻ മോഹൻ. പാലക്കാട് ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ്. അമ്മരാവമ്മയെന്നുതുടങ്ങുന്ന ത്യാഗരാജകൃതിയാണ് കല്യാണിരാഗത്തിൽ നിരഞ്ജൻ പാടിയത്. ശാസ്ത്രീയ സംഗീതത്തിന് പുറമെ കഥകളി സംഗീതം, അഷ്ടപദി, ഉറുദു സംഘഗാനം എന്നിവയിലും നിരഞ്ജൻ പങ്കെടുക്കുന്നുണ്ട്. വീട്ടുവിശേഷങ്ങളും പാട്ടുവിശേഷങ്ങളും സ്കൂളിലെ കാര്യങ്ങളുമെല്ലാം ഇത്തിരിനേരംകൊണ്ട് ഇരുവരും പങ്കുവച്ചു. സെൽഫിയെടുത്തു, നമ്പറുകളും കുറിച്ചു. അടുത്ത കലോത്സവത്തിന് കാണാമെന്നല്ല, ഇടയ്ക്കൊക്കെ കാണണം എന്നുപറഞ്ഞാണ് യാത്രചൊല്ലിയത്.