
കൊല്ലം: സ്കൂൾ കലോത്സവം ഇരച്ചു കയറവേ, പഴയൊരു പോര് ഓർത്തെടുക്കുകയാണ് ഒരു അമ്മായിഅമ്മയും മരുമകളും. പ്രശസ്ത നൃത്ത അദ്ധ്യാപികയും കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ അദ്ധ്യാപികയുമായ ശാന്തിനി ശുഭദേവനും പഴയ കലോത്സവ താരമായ ഗായത്രി ദേവ്ധറുമാണ് കഥാപാത്രങ്ങൾ.
2012ലെ സ്കൂൾ കലോത്സവ കാലം. ശിഷ്യ ആതിര ജി.സുന്ദരനുമായി ശാന്തിനി ശുഭദേവൻ ജില്ലാ കലോത്സവത്തിനെത്തി. മുഖ്യ എതിരാളി ഗായത്രിയായിരുന്നു. ഫലം വന്നപ്പോൾ ആതിരയ്ക്ക് രണ്ടാം സ്ഥാനമേയുള്ളു. ഒന്നാം സ്ഥാനം കിട്ടിയ സന്തോഷത്തിൽ തുള്ളിച്ചാടിയ ഗായത്രിയെ നോക്കി ശാന്തിനി ശുഭദേവൻ കണ്ണുരുട്ടി. ഗായത്രിയും വിട്ടുകൊടുത്തില്ല. കലിപ്പടങ്ങാതെ ശാന്തിനി ശുഭദേവൻ അപ്പീൽ വാങ്ങി ആതിരയെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊണ്ടുപോയി. വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ശാന്തിനിയുടെ മൂത്തമകൻ ദേവ്ധറിന് ഗായത്രിയുടെ വിവാഹാലോചന വന്നത്. പക്ഷെ, പണ്ട് കണ്ണുരിട്ടിയെ ശാന്തിനിയെ ഗായത്രി മറന്നിരുന്നില്ല. കല്യാണത്തിന് ശേഷം, ജില്ലാ സ്കൂൾ കലോത്സവേദിയിലെ തർക്കത്തിന്റെ പത്രകട്ടിംഗ് ഗായത്രി കാണിച്ചപ്പോഴാണ് മരുമകളായെത്തിയത് പഴയൊരു 'ശത്രു'വാണെന്ന് ശാന്തിനി തിരിച്ചറിഞ്ഞത്.
82 മുതൽ 86 വരെ കൊല്ലം വിമലഹൃദയ സ്കൂളിൽ നിന്നു തുടർച്ചയായി സംഘനൃത്തത്തിനും മോഹനിയാട്ടത്തിനും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാന്തിനി ശുഭദേവൻ പങ്കെടുത്തിരുന്നു. പ്രസിദ്ധ നർത്തകിമാരായ താരാകല്യാണും നീനാപ്രസാദുമൊക്കെയാണ് ഒപ്പം മത്സരിച്ചത്. കുച്ചുപ്പുടി, ഭരതനാട്യം, നാടോടിനൃത്തം എന്നിവയിൽ ഗായത്രി സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. ശാന്തിനിയുടെ ഇളയമകൻ ഭരത്ദേവ് വൈദ്യരും കലോത്സവ താരമാണ്. കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥിയായിരിക്കെ മോണോആക്ടിന് സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ സമ്മാനം നേടിയിട്ടുണ്ട്. പിന്നീട് സ്റ്റേറ്റ് സിലബസിലേക്ക് മാറിതോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരത്ദേവിന് മോണോആക്ടിലും കഥാപ്രസംഗത്തിലും തുടർച്ചയായി അഞ്ച് വർഷം എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കൊല്ലം എസ്.എൻ കോളേജ് വിദ്യാർത്ഥിയായിരിക്കെ മൂന്ന് വർഷം സർവകലാശാല കലോത്സവത്തിൽ ഭരത്ദേവ് മോണോആക്ടിലും കഥാപ്രസംഗത്തിലും സമ്മാനം നേടി.