
കൊല്ലം: ഓട്ടൻ തുള്ളലിലെ ഓരോ ചുവടിലും ദേവേന്ദുവിന് കാൽ വേദനിക്കുന്നുണ്ടായിരുന്നു. പക്ഷേ, പിൻമാറാൻ തയ്യാറാകാത്തൊരു മനസ് അവളിൽ പാകപ്പെടുത്തിയത് കൂട്ടുകാരിയെപ്പോലെയുള്ള ഗുരുവാണ്! വേദന കടിച്ചമർത്തി ഹയർ സെക്കൻഡറി വിഭാഗം മത്സരത്തിൽ എ ഗ്രേഡ് നേടിയപ്പോൾ ഗുരു ശിഷ്യ ബന്ധം കൂടുതൽ ഹൃദ്യമായി.
തിരുവനന്തപുരം മടയൂർ എൻ.എസ്.എച്ച്.എസ്.എസ് പ്ലസ്വൺ വിദ്യർത്ഥിനി ദേവേന്ദുവാണ് ശിഷ്യ. ഗുരു പാർവതി എസ്.കുമാർ. കഴിഞ്ഞ ദിവസമാണ് ദേവേന്ദുവിന്റെ കാൽ വിരലിന് പരിക്കേറ്റത്. പാർവതി എസ്.കുമാർ കലാലോകത്ത് പിച്ചവച്ച മണ്ണാണ് കൊല്ലം. അതുകൊണ്ടു തന്നെ ശിഷ്യയിൽ നിന്ന് മികച്ച വിജയത്തിൽ കുറഞ്ഞതൊന്നും ഗുരു പ്രതീക്ഷിച്ചിരുന്നില്ല. കലോത്സവത്തിൽ മത്സരിക്കുന്നതും മത്സരിപ്പിക്കുന്നതും ഒരേ അനുഭവമാണ് പകരുന്നതെന്ന് പാർവ്വതി പറഞ്ഞു. മത്സര വേദിയിൽ നിൽക്കുമ്പോഴുള്ള സമ്മർദ്ദം അണിയറയിലും അനുഭവിക്കുന്നു.
2009 മുതൽ 2013 വരെ തുടർച്ചയായി കലോത്സവ വിജയിയാണ് പാർവതി. നൃത്ത, സംഗീത ഇനങ്ങളിലെ മികവാർന്ന പ്രകടനങ്ങൾക്കൊപ്പമാണ് ഏഴുവർഷം ഓട്ടൻ തുള്ളലിലും ജൈത്രയാത്ര തുടർന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ലഭിച്ച കന്നിജയം പിന്നീട് വിട്ടുകൊടുക്കാൻ പാർവ്വതി തയ്യാറായില്ല. ഇങ്ങനെയൊരാളെ ഗുരുവായി ലഭിച്ചപ്പോൾ കാലിലെ വേദനയുടെ പേരിൽ എങ്ങനെ പിന്നോട്ടു പോകാൻ പറ്റുമെന്നാണ് ദേവേന്ദുവിന്റെ ചോദ്യം.
ചാത്തന്നൂർ എൻ.എസ്.എസ് എച്ച്.എസ്.എസ് അദ്ധ്യാപകൻ പ്രമോദ് കുമാറിന്റെയും കൊട്ടാരക്കര ഉമ്മന്നൂർ സെന്റ് ജോൺസ് വി.എച്ച്.എസ്.എസ്. അദ്ധ്യാപിക ഭാവനയുടെയും മകളാണ് ദേവേന്ദു. കൊല്ലം ഓലയിൽ വരവർണ്ണിനിയിൽ സുനിൽകുമാറിന്റെയും സുമത്തിന്റെയും മകളാണ് പാർവതി. പാർവതിയുടെ ചേച്ചി ലക്ഷ്മി മുൻ കലാതിലകമാണ്. പാർവതീസ് ഡാൻസ് സ്റ്റുഡിയോ എന്ന പേരിൽ സ്വന്തമായി ഡാൻസ് സ്കൂൾ നടത്തുന്ന പാർവതി സിവിൽ സർവ്വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. സ്കൂൾ പഠന കാലത്ത് തന്നെ പാർവതിക്കും ശിഷ്യ സമ്പത്തുമുണ്ട്.