കൊല്ലം: കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട കലോത്സവ മത്സരാർത്ഥിയെ ലൈഫ് ഗാർഡുമാർ രക്ഷിച്ചു. കണ്ണനല്ലൂർ സ്വദേശിയായ 9-ാം ക്ലാസ് വിദ്യാർഥിയാണ് അപകടത്തിൽ പെട്ടത്.

ഇന്നലെ വൈകിട്ട് 5.30നാണ് സംഭവം. വിദ്യാർത്ഥിയും സുഹൃത്തുക്കളും ബന്ധുവായ സ്ത്രീയും കൂടി ഓട്ടോറിക്ഷയിൽ ബീച്ച് കാണാൻ എത്തി. വെള്ളത്തിൽ ഇറങ്ങാൻ ശ്രമിച്ച ഇവരെ ലൈഫ് ഗാർഡുകൾ പിന്തിരിപ്പിക്കുകയും ഓട്ടോറിക്ഷ ഡ്രൈവറോടു കുട്ടികളെ കടലിൽ ഇറങ്ങാൻ അനുവദിക്കരുതെന്നു മുന്നറിയിപ്പും നൽകി. എന്നാൽ, ഇത് അവഗണിച്ച് വീണ്ടും കടലിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥി തിരയിൽപ്പെട്ടത്. ഉടനെ സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകളായ ആന്റണി ജോൺസൻ, ജോബിൻ, ജിനു, ആനന്ദ് എന്നിവർ ചേർന്ന് കുട്ടിയെ രക്ഷിച്ചു കരയിൽ എത്തിച്ച ശേഷം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.