കൊല്ലം: സ്‌കൂട്ടറിൽ കറങ്ങി യുവതിയുടെ സ്വർണ മാല പൊട്ടിച്ചെടുത്ത ദമ്പതികളെ പൊലീസ് പിടികൂടി. കുപ്പണ, വയലിൽ വീട്ടിൽ ജീവൻ(20), ഭാര്യയായ തൃക്കടവൂർ വില്ലേജിൽ കുരീപ്പുഴ, ലത ഭവനിൽ അഞ്ജന(18) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.

വെള്ളിയാഴ്ച രാത്രി 7.40ഓടെ കാവനാട് കുരീപ്പുഴ പാലത്തിലുടെ സ്‌കൂട്ടറിൽ വരികയായിരുന്ന തേവലക്കര സ്വദേശിനിയായ അമ്മുവിന്റെ ഒരു പവൻ തൂക്കം വരുന്ന സ്വർണ താലി അടങ്ങിയ മാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. സ്‌കൂട്ടറിൽ അമ്മുവിന്റെ വാഹനത്തിന് സമീപം എത്തിയ പ്രതികൾ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത ശേഷം അമ്മുവിനെ വാഹനത്തിൽ നിന്നും തള്ളി താഴെയിട്ട് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.

അമ്മുവിൽ നിന്ന് ലഭിച്ച വിവരങ്ങളുടേയും നിരീക്ഷണ ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിൽ ശക്തികുളങ്ങര പൊലീസ് പ്രതികളെ അഞ്ചാലുംമൂട് കരുവയിലുള്ള ഇവരുടെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര ഇൻസ്‌പെക്ടർ അനുപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ആശ, അനിൽ, എ.എസ്.ഐ ജയകുമാരി, എസ്.സി.പി.ഒ അബു താഹിർ, സി.പി.ഒ അനിൽകുമാർ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.