
 നന്നാക്കാൻ നടപടിയെടുക്കാതെ കോർപ്പറേഷൻ
കൊല്ലം: വർഷങ്ങളായി നാട്ടുകാരുടെ നടുവൊടിക്കുന്ന കുരീപ്പുഴ-കൊച്ചാലുംമൂട്-പാണാമുക്കം റോഡ് നന്നാക്കാൻ നടപടിയില്ല. കുരീപ്പുഴ നിവാസികളും പാണാമുക്കം ഭാഗത്തെ റിസോർട്ടിലേക്ക് വരുന്നവരുമുൾപ്പെടെ ദിനം പ്രതി നൂറിലധികം പേർ സഞ്ചരിക്കുന്ന കോർപ്പറേഷന്റെ അധീനതയിലുള്ള റോഡിൽ ഇപ്പോൾ കാൽ നടയാത്ര പോലും ദുഷ്കരമായ അവസ്ഥയാണ്. പല അഭ്യാസങ്ങളും കാണിച്ചെങ്കിലെ പൊട്ടിപ്പൊളിഞ്ഞ് ഗർത്തങ്ങളായി കിടക്കുന്ന റോഡിൽക്കൂടി ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും മറുകരയെത്താൻ കഴിയൂ. ബൈക്കുകളും കാറുകളും കുഴിയിൽ വീണ് തകരാറിലാകുന്നതും സ്ഥിരം കാഴ്ചയാണ്. പാണാമുക്കത്തേക്ക് പോകേണ്ടവരെ മറ്റ് വഴികളിലൂടെയാണ് ഓട്ടോറിക്ഷക്കാർ എത്തിക്കുന്നത്.
യാത്രയും ആരോഗ്യ പ്രശ്നങ്ങളും
ഒരു സ്വകാര്യ സ്‌കൂളും ഒരു സർക്കാർ യു.പി സ്‌കൂളുമാണ് കൊച്ചാലുമൂട്ടിലുള്ളത്. സ്‌കൂൾ സമയങ്ങളിൽ അനേകം വിദ്യാർത്ഥികളാണ് ഇതുവഴി കടന്നുപോകുന്നത്. ഗർത്തങ്ങളിൽ വീണ് നിയന്ത്രണം വിടുന്ന വാഹനങ്ങൾ വിദ്യാർത്ഥികളെ ഇടിച്ച സംഭവങ്ങളുമുണ്ട്. ഗുരുതര രോഗങ്ങളുള്ളവരെയോ ഗർഭിണികളെയോ രാത്രിയിൽ ആശുപത്രിയിലെത്തിക്കണമെങ്കിൽ പാണാമുക്കം റോഡിലൂടെ ആംബുലൻസിൽ പോലും കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര സ്ഥിരമായതോടെ പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാൈകുന്നുണ്ട്.
കരാറായെങ്കിലും നിർമ്മാണമില്ല
കുരീപ്പുഴ പാണാമുക്കം റോഡിന്റെ പണികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നു 60ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ കരാറെടുക്കാൻ ആദ്യം ആരും തയ്യാറായില്ല. പിന്നീട് 60ലക്ഷം രൂപയ്ക്ക് ഒരാൾ കരാർ എടുത്തിരുന്നെങ്കിലും സൈറ്റ് കൈമാറാത്തതിനാൽ പണി ആരംഭിക്കാനായില്ല. ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് റോഡ് പണി വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.