കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുമായി എത്തുന്ന വാഹനങ്ങൾ തിരിക്കാൻ ഇടമില്ലാതെ വലയുന്നു. റെയിൽവേ സ്റ്റേഷൻ പരിസരം പൂർണമായും വാഹനങ്ങളുടെ പാർക്കിംഗ് മേഖലയായി മാറ്റിയതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണം. സ്റ്റേഷൻ പരിസരം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി കരാറുകാരന് റെയിൽവേ ലേലത്തിൽ നൽകിയിരിക്കുകയാണ് .3 വർഷത്തേക്കാണ് ലേല കലാവധി. കരാർ തുക മുൻമ്പേറായി റെയിൽവേക്ക് അടയ്ക്കണം. 10 രൂപാ മുതൽ മേലോട്ടാണ് പാർക്കിംഗ് ഫീസ്.
അപ്രോച്ച് റോഡിലും പാർക്കിംഗ്
റെയിവേ അനുവദിച്ച് നൽകിയ സ്ഥം കൂടാതെ തൊട്ടടുത്തുള്ള സ്ഥലവും കരാറുകാരൻ കൈയ്യടക്കി അമിതമായി പണം സമ്പാദിക്കുന്നതായി റെയിൽവേ ആക്ഷൻ കൗൺസിൽ ആരോപിച്ചു. ഇതിനെതിരെ നിരവധി പരാതികൾ റെയിൽവേയ്ക്ക് നൽകിയെങ്കിലും ഒരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ലെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു. റെയിൽവേ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡും ഇതിനോട് ചേർന്നുള്ള സ്ഥലവും കരാറുകാരന്റെ നിയന്ത്രണത്തിലാണ്. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്.
തിരക്കേറിയ സ്റ്റേഷൻ
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ 44 ട്രെയിനുകൾക്കാണ് സ്റ്റോപ്പുള്ളത്. 6000 ത്തോളം യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കായി എത്തുന്നു. കരുനാഗപ്പള്ളി ടൗണിൽ നിന്ന് 2.50 കിലോമീറ്റർ അകലെയാണ് റെയിൽവേ സ്റ്റേഷൻ. ടൗണിൽ നിന്നും വീടുകളിൽ നിന്നും യാത്രക്കാർ വാഹനങ്ങളിലാണ് റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ പോകണമെങ്കിൽ വാഹനങ്ങൾ അര കിലോമീറ്ററോളം വടക്കോട്ട് പോയി വരേണ്ട സ്ഥിതിയാണ്. ഇതിനുകൂടിയുള്ള പണം ഡ്രൈവർമാർ യാത്രക്കാരിൽ നിന്ന് ഈടാക്കും.
സൗകര്യം ഏർപ്പെടുത്തണം
പഴയ റിസർവേഷൻ കൗണ്ടറിന് മുൻവശം വാഹനങ്ങൾ തിരിക്കുന്നതിനുള്ള ഇടം ഉണ്ടായിരുന്നു . റിസർവേഷൻ കൗണ്ടർ അടച്ച് പൂട്ടിയതോടെ ഈ സ്ഥലവും കരാറുകാൻ കൈയ്യേറിയിരിക്കുകയാണ്. റെയിൽവേ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നതെന്നാണ് യാത്രക്കാർ പറയുന്നത്. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുമായി എത്തുന്ന വാഹനങ്ങൾക്ക് തിരികെ പോകുന്നതിനാവശ്യമായ സൗകര്യം ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരും റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികളും ആവശ്യപ്പെടുന്നത്.