
കൊല്ലം: വാടക വീട്ടിലെ നിസഹായതയിൽ പകച്ചു നിന്ന അഭിരാമി ലാലിനെ അദ്ധ്യാപകരും സഹപാഠികളുടെ രക്ഷിതാക്കളും ചേർത്തുപിടിച്ചു. മകളുടെ ഭരതനാട്യം കണ്ടപ്പോൾ അമ്മ ബിജിയും അച്ഛൻ ബൈജുവും ഹൃദയംകൊണ്ട് ആറ്റുകാലമ്മയെ തൊഴുതു. ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിൽ ആറ്റുകാലമ്മയുടെ കഥ അവതരിപ്പിച്ച അഭിരാമിലാലിനെ ഒപ്പമുള്ളവരുടെ സ്നേഹാനുഗ്രഹമാണ് മുന്നോട്ടു നയിക്കുന്നത്.
ജില്ലാ കലോത്സവത്തിൽ എതിരായി വിധിയെഴുതിയവർക്കുള്ള മറുപടി കൂടിയാണ് അഭിരാമിയുടെ നേട്ടം. അപ്പീലിലൂടെ എത്തി മത്സരിച്ച രണ്ടിനങ്ങളിലും എ ഗ്രേഡ്.
നെടുമങ്ങാട് കരിപ്പൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ളാസുകാരി അഭിരാമി മൂന്നര വയസിലാണ് നൃത്തം പഠിച്ചുതുടങ്ങിയത്. ബിരുദ ധാരിയായ അമ്മ ബിജി തന്റെ സ്വപ്നം മകളിലൂടെ സാർത്ഥകമാക്കുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ കരിപ്പൂർ പ്രേമവിലാസത്തിൽ വി.എസ്.ബൈജുവിന്റെ വരുമാനമാണ് ആശ്രയം. വാടക വീട്ടിലെപ്പോഴും പ്രാരാബ്ധത്തിന്റെ മണിമുഴക്കം. പഴയ ചിലങ്കകെട്ടി അഭിരാമിയുടെ ആടുന്നത് കാണുമ്പോൾ അച്ഛനമ്മമാരുടെ മനസ് വിങ്ങും. നല്ലൊരു ചിലങ്കപോലും വാങ്ങാനാവാത്തവർക്ക് സ്വന്തംകൂരയെന്നത് സ്വപ്നം മാത്രം. ഇടവേളകളിൽ വാടകയ്ക്ക് വാഹനങ്ങൾ ഓടിക്കാൻ പോയാണ് ബൈജു നൃത്തപഠനത്തിലുള്ള ചെലവ് കണ്ടെത്തുന്നത്. ജില്ലാ കലോത്സവത്തിൽ കുച്ചിപ്പുടിക്കും ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും മത്സരിച്ചു. പക്ഷേ, യോഗ്യത ലഭിച്ചില്ല. ഒടുവിൽ ഭരതനാട്യത്തിനും മോഹിനിയാട്ടത്തിലും അപ്പീൽ നൽകി. സംസ്ഥാന കലോത്സവത്തിന് പോകാൻ ചെലവേറും. സ്കൂളിലെ പി.ടി.എ പ്രസിഡന്റുകൂടിയായ ബിജിയുടെ കണ്ണീർ തുടയ്ക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും തീരുമാനിച്ചു. മുഴുവൻ പണവും പങ്കിട്ട് നൽകി. കൊല്ലത്തേക്ക് വരുന്നവഴി ആറ്റുകാൽ അമ്പലനടയിൽ അഭിരാമി മനംനിറഞ്ഞ് തൊഴുതു, അമ്മയ്ക്ക് മുന്നിൽ വേഷമിടാതെ നൃത്തമാടി. ചൊവ്വാഴ്ച സ്കൂൾ തുറക്കുമ്പോൾ അഭിരാമിക്ക് വൻ സ്വീകരണം നൽകാനാണ് അദ്ധ്യാപകരുടെ തീരുമാനം.ഐ.ടി.ഐ വിദ്യാർത്ഥി ആനന്ദാണ് സഹോദരൻ.