xl
സി.ആർ മഹേഷ് എം.എൽ.എയ്ക്കൊപ്പം അഭിഷേക്

തഴവ: കഴിവുണ്ടായിട്ടും കലോത്സവത്തിൽ പങ്കെടുക്കുവാൻ കാശില്ലാതിരുന്ന കുട്ടിയ്ക്ക് എം.എൽ.എ കൈത്താങ്ങായപ്പോൾ ലഭിച്ചത് എ ഗ്രേഡും ഒന്നാം സ്ഥാനവും. തഴവ മണപ്പള്ളി തെക്ക് കൊച്ചു തറയിൽ പ്രസന്നകുമാറിന്റെയും സിന്ധുവിന്റെയും മകൻ അഭിഷേകാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സി.ആർ.മഹേഷ് എം.എൽ.എയുടെ സ്പോൺസർഷിപ്പിൽ ചാക്യാർകൂത്തിന് ഒന്നാം സ്ഥാനം നേടിയത്. കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയായ അഭിഷേക് സാമ്പത്തിക പരാധീനത മൂലം എം.എൽ.എയെ നേരിട്ട് വിളിച്ചാണ് സഹായം അഭ്യർത്ഥിച്ചത്. അനുയോജ്യമായ ഒരു സ്പോൺസറെ തേടിയെങ്കിലും ലഭിക്കാതെ വന്നതോടെ ഒടുവിൽ എം.എൽ.എ തന്നെ സ്പോൺസറാകുകയായിരുന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതോടെ വിദ്യാർത്ഥിയേക്കാൾ വലിയ സന്തോഷത്തിലാണ് എം.എൽ.എ.