
കൊല്ലം: 'അടിച്ചണ്ണാ... വീണ്ടും എ ഗ്രേഡ്", ജിനേഷിന് ഇങ്ങനെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടാൻ കൂട്ടികാർ കഴിഞ്ഞാൽ പിന്നെ ഗൾഫിലുള്ള അണ്ണൻ ജ്യോതിഷേയുള്ളു.
രണ്ട് വർഷം മുമ്പ് അച്ഛൻ മരിച്ചു. ആറുമാസം പിന്നിട്ടപ്പോൾ അമ്മ സിന്ധുവും. സംസാരത്തിനിടെ അണ്ണൻ പറഞ്ഞു, 'എടാ അച്ഛനും അമ്മയും നിന്റെ മാപ്പിളപ്പാട്ട് കേട്ടുകാണും. അവർ ഉള്ളുരുകി പ്രാർത്ഥിച്ചിട്ടാകും...." ഇതോടെ ജിനേഷിന്റെ കണ്ണ് നനഞ്ഞു. അവൻ ഫോൺ കട്ട് ചെയ്തു.
ഒപ്പമുണ്ടായിരുന്ന മാഷ് ഇർഷാദ് സ്രമ്പിക്കല്ലും കൂട്ടുകാരൻ ഗോപിക്കുട്ടനും ജിനേഷിനെ ആശ്വസിപ്പിച്ചു. തിരുവനന്തപുരം നന്ദിയോട് എസ്.കെ.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ജെ.എസ്.ജിനേഷ്.
പ്രമേഹം മൂർച്ഛിച്ചാണ് അച്ഛനും അമ്മയും മരിച്ചത്. അന്ന് ഒൻപതാം ക്ലാസിൽ പഠിക്കുന്നു. കുടുംബം കരപറ്റിക്കാൻ അണ്ണൻ ഗൾഫിലേക്ക് പോയി. ഇതോടെ തിരുവനന്തപുരം പാലോട് ജവഹർ കോളനിയിലെ വീട്ടിൽ ജിനേഷ് ഒറ്റപ്പെട്ടു.
നന്നായി പാടുമായിരുന്നെങ്കിലും പത്താം ക്ലാസ് വരെ മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ല. കൂട്ടുകാർ നിർബന്ധിച്ചാണ് ദഫ് മുട്ട് ടീമിൽ ചേർത്തത്. പരിശീലനം തകർത്തതോടെ അദ്ധ്യാപകനായ നഫ്സൽ ജിനേഷിനെ ടീം ക്യാപ്ടനാക്കി. സബ് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം കിട്ടിയതോടെ ജില്ലാ കലോത്സവത്തിലും സമ്മാനം വാങ്ങണമെന്ന് പറഞ്ഞ് നഫ്സലാണ് ഇർഷാദ് സ്രമ്പിക്കല്ലിന് അടുത്തേക്ക് എത്തിച്ചത്. എച്ച്.എസ്.എസ് ദഫ് മുട്ട് മത്സരത്തിലും ജിനേഷ് നയിച്ച നന്ദിയോട് എസ്.കെ.വി.എച്ച്.എസ്.എസ് ടീമിന് എ ഗ്രേഡ് ലഭിച്ചിരുന്നു.