samvarna

കൊല്ലം: കഴിഞ്ഞ ദിവസം മന്ത്രിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ സംവർണയുടെ ചിത്രം വൈറലായിരുന്നു. എന്നാലിന്നലെ എ ഗ്രേഡിന്റെ നിറചിരിയോടെയാണ് അവൾ വേദി വിട്ടത്.

അപ്പീൽ ഉത്തരവ് കിട്ടാൻ വൈകിയതിനെ തുടർന്ന് മോഹിനിയാട്ടത്തിൽ പങ്കെടുക്കാനാകാതെ സംവർണ ധനമന്ത്രി കെ.എൻ.ബാലഗോപാലിന് മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നു. എന്നാൽ ഇന്നലെ ഭരത് മുരളി നഗറിൽ നടന്ന എച്ച്.എസ്.എസ് കേരള നടനത്തിൽ സംവർണ ആടിത്തിമിർത്തു. കേരള നടനത്തിനും അപ്പീലുമായാണ് എത്തിയത്. ദുരനുഭവം ഉള്ളതിനാൽ അപ്പീൽ പകർപ്പ് തലേന്ന് തന്നെ സംഘാടകർക്ക് കൈമാറി.

തിരുമാണ്ഡാംകുന്നിലമ്മയുടെ കളമെഴുത്ത് പാട്ടാണ് അവതരിപ്പിച്ചത്. സദനം റഷീദാണ് ഗുരു. കോഴിക്കോട് പ്രൊവിഡൻസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കോഴിക്കോട്ടെ എം.ആർ.ഷാജിയുടെയും ഉദയ ഷാജിയുടെയും മൂത്ത മകളാണ്. ശ്രാവൺ രാജാണ് സഹോദരൻ.