കൊല്ലം: മിന്നുന്ന വിജയങ്ങൾ സ്വന്തമാക്കി മത്സരാർത്ഥികൾ കൊല്ലത്ത് നിന്നു മടങ്ങുമ്പോൾ, കലവറയിൽ ഫുൾ 'എ പ്ലസ്' നേടിയാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ മടക്കം. ഓരോ വേദിയിലും മത്സരാർത്ഥികൾക്ക് മൂന്ന് വിധികർത്താക്കളാണ് മാർക്കിടുന്നത്. എന്നാൽ പഴയിടത്തിന് കൊല്ലം കലോത്സവത്തിന്റെ ഊട്ടുപുരയിലെത്തി രുചിയറിഞ്ഞ പതിനായിരങ്ങൾ ഒരേ പോലെ മാർക്കിട്ടു, ഒട്ടും കുറയാതെ!
ക്രേവൺ സ്കൂളിൽ നിന്നു പഴയിടത്തിന്റെ കൈപ്പുണ്യം രുചിച്ച് ഇറങ്ങിയവരിൽ പലരും ഇങ്ങനെ പറഞ്ഞു, പഴയിടം രുചിക്കുട്ടൂകളുടെ പൊന്നു തമ്പുരാൻ തന്നെ. കൊല്ലം ക്രേവൺ സ്കൂളിലെ പാചകപ്പുരയിൽ അഞ്ച് ദിവസമായി തലങ്ങും വിലങ്ങും കറങ്ങിനടക്കുകയാണ് പഴയിടം. അടുപ്പത്തിരിക്കുന്ന ഓരോന്നിന്റെയും രുചി ഇടയ്ക്കിടെ നോക്കും. വേണ്ട നിർദ്ദേശങ്ങൾ നൽകും. മൂവായിരം പേർക്ക് സാമ്പാർ വയ്ക്കുന്ന ചെമ്പിലാണ് തോരൻ വേവുന്നത്. എണ്ണൂറ് പേർക്ക് പരിപ്പ് വയ്ക്കുന്ന ചെമ്പിൽ അച്ചാർ നിറയും. ഉച്ചയ്ക്കുള്ള സദ്യ ആരംഭിക്കുന്നതിന് മുമ്പ് അത്താഴത്തിനുള്ള ഒരുക്കം തുടങ്ങും. അത്താഴത്തിന് മുമ്പേ തൊട്ടടുത്ത ദിവസത്തെ പ്രാതലിനും ഊണിനുമുള്ള ഒരുക്കം ആരംഭിക്കും. പഴയിടത്തിന് ഇതൊരു പുതുമയല്ല, പതിനേഴാം വർഷത്തിലെത്തി നിൽക്കുന്ന പതിവാണ്.
രുചിക്കൂട്ടുകൾ മാത്രമല്ല, പഴയിടത്തിന് കണക്കും സമയവും തെറ്റില്ല. കൂടുതൽ ആളെത്തുമോ, ഭക്ഷണം തികയുമോ, കൃത്യസമയത്ത് സദ്യ റെഡിയാകുമോ എന്നൊക്കെ ഫുഡ് കമ്മിറ്റി ഭാരവാഹികൾക്ക് ആശങ്ക ഉണ്ടായിരുന്നു. പക്ഷേ എല്ലാ ദിവസവും വിതരണം തുടങ്ങുന്നതിന് മണിക്കൂറുകൾ മുമ്പേ പഴയിടം വിഭവങ്ങൾ റെഡിയാക്കിയിരിക്കും. ഊട്ടുപുരയിലെത്തിയ ആർക്കും ഭക്ഷണം കിട്ടാതെ മടങ്ങേണ്ടിയും വന്നില്ല. അതാണ് പഴയിടത്തിന്റെ മറ്റൊരു മാജിക്. നിഴലിനെ നോക്കി സമയം പറയുന്ന പഴമക്കാരെപ്പോലെ എത്ര പേർ ഉണ്ടാകുമെന്ന് ഗണിച്ചെടുത്ത് പഴയിടം കൃത്യമായി സദ്യയും പ്രാതലുമൊക്കെ തയ്യാറാക്കും. 2400 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് കൊല്ലം ക്രേവൺ സ്കൂളിൽ തയ്യാറാക്കിയിരിക്കുന്നത്. ദിവസം മൂന്ന് നേരമായി 45,000 പേർക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുന്നത്. ഉച്ചയ്ത്ത് 20000 പേർക്കാണ് സദ്യ.