
കൊല്ലം: നൃത്തം മാത്രമല്ല കരുതലിന്റെയും ചേർത്തു നിറുത്തലിന്റെയും പാഠം കൂടിയാണ് അദ്ധ്യാപകൻ സൂരജിൽ നിന്നു ആരതി പഠിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ സൗജന്യമായാണ് എറണാകുളം ഇടപ്പള്ളി സ്വദേശി സൂരജ് നായർ നൃത്തം പഠിപ്പിക്കുന്നത്.
കലയെ ജീവിതമായി കാണുന്ന ഒരു കുട്ടിക്ക് പോലും പണത്തിന്റെ പേരിൽ മാറി നിൽക്കേണ്ടി വരരുതെന്ന് സൂരജിന് നിർബന്ധമാണ്. ഗുരുവിന്റെ പാതയിലൂടെയാണ് ശിഷ്യയുടെയും സഞ്ചാരം. കൊല്ലം മുളങ്കാടകം സ്വദേശിനിയായ ആരതി.11 വർഷമായി സൂരജിന് കീഴിൽ നാടോടി നൃത്തം അഭ്യസിക്കുന്നു. പഠനം തികച്ചും സൗജന്യം. കഴിഞ്ഞ ദിവസം ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ ആരതിയുടെ ശിഷ്യ നീരജ ലാൽ എ ഗ്രേഡ് നേടിയിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നീരജയെ സൗജന്യമായാണ് ആരതി നാടോടി നൃത്തം പഠിപ്പിച്ചത്. ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട നീരജയുടെ കുടുംബത്തിന്റെ ഏക വരുമാനം അമ്മ സുധാമണിയുടെ ലോട്ടറി കച്ചവടമാണ്. അണ്ണാമല യൂണിവേഴ്സിറ്റിയിൽ ബി.എ.ഭരതനാട്യം വിദ്യാർത്ഥിനിയാണ് ആരതി.
പത്തുവർഷമായി സൂരജ് കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നു. കേരളനടനം, നാടോടി നൃത്തം ഇനങ്ങളിൽ സൂരജിന്റെ ശിഷ്യർ പങ്കെടുത്തിരുന്നു. ശിഷ്യർക്കൊപ്പം ആരതിയുടെ ശിഷ്യർക്കും എ ഗ്രേഡ് കിട്ടിയതിന്റെ ഇരട്ടി സന്തോഷത്തിലാണ് സൂരജ്.