വന്ധ്യംകരണ പദ്ധതികൾ പാളി
അഞ്ചാലുംമൂട്: വന്ധ്യംകരണ പദ്ധതികൾ കൃത്യമായി നടക്കാതായതോടെ അഞ്ചാലുംമൂട്ടിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. കടവൂർ, ബൈപ്പാസ്, കുരീപ്പഴ, ഷാപ്പ് മുക്ക്, തേവള്ളി പാലം, മതിലിൽ റോഡ് എന്നിവിടങ്ങളിലാണ് തെരുവ്നായ ശല്യം കാരണം നാട്ടുകാർ വഴിനടക്കാൻ ബുദ്ധിമുട്ടുന്നത്. കൂട്ടമായെത്തുന്ന നായ്ക്കൾ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്. ബൈപ്പാസ്, മതിലിൽ പ്രദേശങ്ങളാണ് നായ്ക്കളുടെ പ്രധാന വിഹാര കേന്ദ്രങ്ങൾ.
കഴിഞ്ഞ ദിവസം രാത്രിയിൽ മതിലിൽ വെങ്കേകര ഭാഗത്ത് കൂടി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് നായ ചാടി യുവാവിന് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം.മതിലിൽ,ബൈപ്പാസ്, കടവൂർ ജംഗ്ഷൻ എന്നീ പ്രദേശങ്ങളിൽ നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായും നാട്ടുകാർ പറയുന്നു. സ്കൂളിൽ നിന്നും ട്യുഷൻ കഴിഞ്ഞും വീട്ടിലേക്ക് പോകുന്ന കുട്ടികൾക്ക് നേരേ നായ്ക്കൂട്ടം പാഞ്ഞടുക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.
എണ്ണം കൂട്ടി മാലിന്യം
തെരുവ് നായ്ക്കൾ രാത്രിയിൽ പ്രധാന ജംഗ്ഷനുകളിൽ തമ്പടിച്ചിരിക്കുന്നതിനാൽ യാത്രക്കാർ ഭീതിയിലാണ് ഇതുവഴി സഞ്ചരിക്കുന്നത്. മാലിന്യം റോഡിലും പാലത്തിന്റെ വശങ്ങളിലും വലിച്ചെറിയുന്നതാണ് തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. തെരുവ് നായ ശല്യം അമർച്ച ചെയ്യാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം