
കൊല്ലം: ലളിതഗാന മത്സരത്തിൽ പങ്കെടുക്കാൻ കണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയായ തേജസ് പ്രസീദ് കണ്ണൂരിൽ നിന്നു കൊല്ലത്തേക്ക് വണ്ടികയറിയപ്പോൾ മുതൽ സുധീഷ്ണ ടീച്ചർ കാത്തിരിക്കുകയായിരുന്നു. താനെഴുതിയ വരികൾ മത്സരത്തിൽ പാടാപോകുന്ന തേജസിനെ ആദ്യമായി കാണാൻ. ജില്ലാ കലോത്സവത്തിന് താനെഴുതിയ പാട്ട് പാടിയ ആൾക്ക് ഒന്നാം സമ്മാനം ഉണ്ടെന്നറിഞ്ഞപ്പോൾ മുതൽ തേജസിനെ കാണാൻ കൊതിക്കുകയായിരുന്നു സുതീഷ്ണ. തേജസ് എത്തി, കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ളീഷ് അദ്ധ്യാപികയായ ബി.കെ.സുതീഷ്ണയെ കണ്ടു, അനുഗ്രഹം വാങ്ങി. 'പനിമതി മുഖി ബാലെ പാടി ഞാൻ വീണ്ടും പത്മതീർത്ഥമേ നിൻ ശ്രുതിയിൽ...' എന്ന വരികൾ അതിമധുരമായി തേജസ് വേദിയിൽ പാടുമ്പോൾ സന്തോഷത്തിന്റെ നിർവൃതിയിൽ ലയിച്ച് നിൽക്കുകയായിരുന്നു ടീച്ചർ. സ്വന്തം വിദ്യാലയത്തിലെ കുട്ടികൾ സംഘഗാനത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയത് സുതീഷ്ണയുടെ വരികൾ പാടിയാണ്. തേജസിന്റെ എ ഗ്രേഡും കൂടിയായപ്പോൾ സന്തോഷത്തിന് ഇരട്ടിമധുരം. ആഹിരി രാഗത്തിലാണ് ഗാനം ചിട്ടപ്പെടുത്തിയത്. സംഗീത സംവിധായകനും അദ്ധ്യാപകനുമായ ആനന്ദ് കാവുംപട്ടമാണ് ഈണം നൽകി പരിശീലിപ്പിച്ചത്. തളിപ്പറമ്പ് സ്വദേശികളായ പ്രസീദിന്റെയും പ്രതിഭയുടെയും മകനാണ് തേജസ് പ്രസീദ്.