jgh

കൊല്ലം: കഥകളി സംഗീത മത്സരത്തിൽ ശ്രീനന്ദന പാടിക്കയറുമ്പോൾ താളം പിടിച്ച് കലാമണ്ഡലം രാജീവൻ നമ്പൂതിരി വേദിക്കരിക്കിൽ ഉണ്ടായിരുന്നു, ഒരേ സമയം ഗുരുവായും അച്ഛനായും!

നളചരിതം ഒന്നാം ദിവസം ഹംസത്തിന്റെ പദം ചൊല്ലി ഹൈസ്‌കൂൾ വിഭാഗം കഥകളി സംഗീതത്തിൽ ശ്രീനന്ദന എ ഗ്രേഡാണ് നേടി​യത്. കഴിഞ്ഞ വർഷത്തെ സംസ്ഥാന കലോത്സവത്തിലും എ ഗ്രേഡ് നേടിയിരുന്നു. മകളുടെ വിജയത്തിന്റെ സന്തോഷം മാത്രമായിരുന്നില്ല, പോയ കാലത്തെ കലോത്സവ ഓർമകളും രാജീവന്റെ മുഖത്ത് തെളിഞ്ഞു. 1985 മുതൽ 89 വരെ തുടർച്ചയായി കഥകളിസംഗീതത്തിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു രാജീവൻ. രണ്ടു തവണ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ഒരു തവണ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും നേടി. തന്റെ വഴിയെ മകൾ സഞ്ചരിക്കുന്നതിന്റെ ആനന്ദം അദ്ദേഹത്തിന്റെ കണ്ണുകളിൽ നിറഞ്ഞു.

42 വർഷമായി കഥകളി രംഗത്ത് സജീവമായ രാജീവൻ മാഷിന്റെ അച്ഛൻ മയ്യനാട് കേശവൻ നമ്പൂതിരിയും കഥകളി ആചാര്യനായിരുന്നു. കഥകളി സംഗീതത്തിൽ മാത്രമല്ല കഥകളിയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ശ്രീീനന്ദന അഞ്ചു വർഷമായി കഥകളിയും രണ്ടു വർഷമായി കഥകളി സംഗീതവും പഠിക്കുന്നു. ജി.ജി.എച്ച്.എസ്.എസ് വാളത്തുങ്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീനന്ദന.

ഫോട്ടോ:കഥകളിസംഗീതമത്സരത്തിന് തയ്യാറെടുക്കുന്ന ശ്രീനന്ദന രാജീവനൊപ്പം അച്ഛൻ കലാമണ്ഡലം രാജീവൻ നമ്പൂതിരി