കൊല്ലം: വൃക്കയിൽ നിന്ന് ആൽബുമിൻ കുറയുന്ന നെഫ്രോടി സിൻഡ്രോമെന്ന രോഗത്തോട് പടവെട്ടി കൊല്ലം കടമ്പനാട് കെ.ആർ.കെ.പി.എം ബി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി അക്ഷയ് രാജ് നേടിയത് ഹാട്രിക് വിജയം. ഇന്നലെ നടന്ന എച്ച്.എസ്. വിഭാഗം ആൺകുട്ടികളുടെ കേരള നടനത്തിൽ എ ഗ്രേഡ് നേടിയതോടെയാണ് ഹാട്രിക് വിജയം ഉറപ്പിച്ചത്. ഭരതനാട്യം, കുച്ചിപ്പുടി എന്നിവയായിരുന്നു എഗ്രേഡ് നേടിയ മറ്റിനങ്ങൾ.

ഒന്നര വർഷമായി ചികിത്സയിലാണ് അക്ഷയ്. കഴിഞ്ഞ സംസ്ഥാന കലോത്സവ സമയത്ത് ഐ.സി.യുവിൽ ആയിരുന്നതിനാൽ പങ്കെടുക്കാൻ സാധിച്ചില്ല. എന്നാൽ ഇത്തവണ മത്സരിച്ചേ അടങ്ങു എന്ന വാശിയിലായിരുന്നു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് മത്സരത്തിനെത്തിയത്. പൂർണ പിന്തുണയുമായി അക്ഷയുടെ സ്കൂളിലെ അദ്ധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും കൊല്ലത്തെത്തിയിരുന്നു. ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള പ്രത്യേക ഭക്ഷണവും മരുന്നുകളും മാനേജ്ന്റാണ് എത്തിച്ച് നൽകിയത്. ആദ്യ ഇനമായ ഭരതനാട്യം കഴിഞ്ഞതോടെ ദേഹമാസകലം നീര് വയ്ക്കുകയും അവശനാവുകയും ചെയ്തു. തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നടത്തി. വിയർക്കാൻ പാടില്ല എന്നാണ് അക്ഷയോട് ഡോക്ടർമാർ നിർദേശിച്ചത്.

കലോത്സവത്തിലെ സ്വാഗത ഗാനത്തിൽ ആശ ശരത്തിനൊപ്പമുള്ള സംഘത്തിലും അക്ഷയ് രാജ് ഉണ്ടായിരുന്നു. മറ്റ് മൂന്ന് മത്സരങ്ങളുടെ പരിശീലനം കൂടി ആയപ്പോഴേക്കും വിയർപ്പിലൂടെ ആൽബുമിൻ നഷ്ടമായി ക്ഷീണിതനായി. ആൽബുമിൻ കുറഞ്ഞത് മൂലം കഴിഞ്ഞ ദിവസം വയറുവേദനയും ഉണ്ടായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഗുളിക കഴിച്ചിട്ടാണ് കേരള നടന്നത്തിനിറങ്ങിയത്. കലാമണ്ഡലം രേഖാ രാമകൃഷ്ണൻ സൗജന്യമായിട്ടാണ് നൃത്തം അഭ്യസിക്കുന്നത്.

ടാപ്പിംഗ് തൊഴിലാളികളായ മാതാപിതാക്കളായ കൊല്ലം മലനട സിന്ധു ഭവനിൽ സിന്ധു, രാജു എന്നിവർക്ക് ചികിത്സ ചെലവ് പലപ്പോഴും താങ്ങാവുന്നതിലും അപ്പുറമാണ്. ടി.കെ.എം കോളേജിലെ ബി.എസ്.സി വിദ്യാർത്ഥിയായ പൃഥിരാജാണ് സഹോദരൻ. കലോത്സവം കഴിഞ്ഞ ഉടൻ ആശുപത്രിയിൽ അഡ്മിറ്റാകാനാണ് ഡോക്ടറുടെ നിർദേശം.