പുനലൂർ: കാഴ്ചകാണാൻ ഒറ്റക്കൽ ലുക്കൗട്ട് പവലിയനിലെത്തുന്നവരെ കവാടത്തിൽ തന്നെ പ്ളാസ്റ്റിക് മാലിന്യങ്ങൾ വരവേൽക്കും. വലിച്ചെറിഞ്ഞ പ്ളാസ്റ്റിക് കുപ്പികളിലും കവറുകളിലും ചവിട്ടാതെ ഒരടി മുന്നോട്ട് പോകാനാകില്ല.പ്രധാന കവാടവും സമീപ പ്രദേശങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കേന്ദ്രമായി മാറി. പവലിയിൻ സന്ദർശിക്കാനെത്തുന്നവർ തന്നെയാണ് പ്ലാസ്റ്റിക്കുകളും മറ്റും പ്രധാന കവാടത്തിൽ ഉപേക്ഷിക്കുന്നതിന് പിന്നിൽ.
സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം
കല്ലട ഇറിഗേഷന്റെ നിയന്ത്രണത്തിലാണ് പവലിയനും സമീപ പ്രദേശങ്ങളും. ക്രിസ്മസ്, ന്യൂ ഇയർ അടക്കമുള്ള വിശേഷ ദിവസങ്ങളിൽ നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. ഇപ്പോൾ അവധി ദിവസങ്ങളിലും വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് .എന്നാൽ പ്സാസ്റ്റീക്കുകൾ നീക്കം ചെയ്യാനോ, അത് തടയാനോ അധികൃതർ തയ്യാറായിട്ടില്ല. പ്രവേശനം സൗജന്യമാക്കിയിട്ടുള്ള പവലിയനിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാത്തതാണ് പ്രധാന പ്രശ്നം. പവലിയനിൽ സാമൂഹിക വിരുദ്ധ ശല്യം വർദ്ധിച്ചതിനെ തുടർന്ന് പത്ത് വർഷം മുമ്പ് സെക്യൂരിറ്റികളെ നിയമിച്ചിരുന്നെങ്കിലും പിന്നീട് പിൻ വലിക്കുകയായിരുന്നു.
അടിസ്ഥാന സൗകര്യങ്ങളില്ല
കേരളത്തിൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ തെന്മല ഇക്കോ ടൂറിസം മേഖലയിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഒറ്റക്കൽ ലുക്കൗട്ട് പവലിയനും തടയണയും. കേരളത്തിന് പുറമേ വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ ആയിരക്കണക്കിന് ടൂറിസ്റ്റുകൾ എത്തുന്ന പ്രദേശമാണ് തെന്മലയും ഒറ്റക്കൽ പവലിയനും സമീപ പ്രദേശങ്ങളും. ടൂറിസം,വനം, കെ.ഐ.പി ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ സംയുക്തമായി ഒരുക്കിയിട്ടുള്ള സംരംഭമാണ് തെന്മല ഇക്കോ ടൂറിസം മേഖല. എന്നാൽ അടിസ്ഥാന സൗകര്യങ്ങളോ, വിനോദ സഞ്ചാരികൾക്ക് ആവശ്യത്തിന് സംരക്ഷണമോ ഒരുക്കി നൽകാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.