കൊല്ലം :സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ടി.അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.ഉദയകുമാറും പാർട്ടിയും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കൊല്ലം ഐ.ബി യൂണിറ്റും കരുനാഗപ്പള്ളി എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ 115 ലിറ്റർ സ്പിരിറ്റ് പിടികൂടി. കരുനാഗപ്പള്ളി താലൂക്കിൽ കല്ലേലിഭാഗം മുറിയിൽ സിന്ധു ഭവനിൽ അനിൽ(41) , പന്മന വില്ലേജിൽ മുല്ലക്കേരി മുറിയിൽ പുള്ളുവാന്റയ്യത്ത് വീട്ടിൽ സന്തോഷ് (45)എന്നിവരെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി റേഞ്ചിലെ മൂന്നാം ഗ്രൂപ്പിൽപ്പെട്ട ടി.എസ്.നം.19 അരിനെല്ലൂർ, ടി.എസ്.നം. 21 മൂക്കനാട്ട് മുക്ക്, ടി.എസ്.നം.10 പനയന്നാർകാവ് എന്നീ കള്ള്ഷാപ്പുകളിലെ കള്ളിൽ വീര്യം കൂട്ടി വിൽക്കാൻ വേണ്ടിയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. അരി നെല്ലൂർ കള്ള് ഷാപ്പിലെ തൊഴിലാളിയാണ് സന്തോഷ്. ഷാപ്പുകളുടെ ലൈൻസിയായ ബിനീഷിനെ മൂന്നാം പ്രതിസ്ഥാനത്ത് ചേർത്ത് കേസെടുത്തു. ഇവ‌ർക്ക് സ്പിരിറ്റ് എത്തിച്ച് നൽകിയവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പിടികൂടിയവരെ റിമാൻഡ് ചെയ്തു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗം അസി.എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്. മനോജ് കുമാർ, ഐ.ബി.പ്രിവന്റീവ് ഓഫീസർ ആർ.മനു, അസി.എക്സൈസ് ഇൻസ്പെക്ടർ.പി.എൽ.വിജിലാൽ, പ്രിവന്റീവ് ഓഫീസർമാരായ പി.എ.അജയകുമാർ, വൈ.സജികുമാർ,കെ.വി.എബി മോൻ, എസ്.ആർ.ഷെറിൻരാജ്,ബി.സന്തോഷ്, സി.ഇ.ഒമാരായ ചാൾസ് ,അഖിൽ, അനിൽകുമാർ, ശ്രീകുമാർ, ഡബ്ള്യു.സി.ഇ.ഒ ജയലക്ഷ്മി എന്നിവർ ഉണ്ടായിരുന്നു..