amegh
അമേഘ് ദേവ്

കൊല്ലം: സഹോദരിയുടെ മക്കളുടെ കലയോടുള്ള അടങ്ങാത്ത അഭിനിവേശം കണ്ടാണ് അമ്മാവനായ മനുദേവ് അവർക്ക് ഗുരുവായി മാറിയത്. സഹോദരിയുടെ മക്കളിൽ ഇരട്ടകളായ ആർദ്രിക ദേവിനെയും അമേഘ് ദേവിനെയുമാണ് അദ്ദേഹം കലയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇന്നലെ കൊല്ലത്തെ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ എച്ച്.എസ്. വിഭാഗം കേരളനടന മത്സരത്തിൽ പങ്കെടുത്ത് അമേഘ് എ ഗ്രേഡ് നേടിയപ്പോൾ മനു ദേവിന്റെ ഉള്ളിൽ പണ്ടെപ്പോഴോ തനിക്ക് നേടാനാകാതെ പോയ കലോത്സവ നേട്ടം നേടിയതിന്റെ ചാരിതാർത്ഥ്യമായിരുന്നു. കോഴിക്കോട് താമരശേരി ജി.വി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അമേഘ് ദേവിന്റെ ആദ്യ കലോത്സവമായിരുന്നു കൊല്ലത്തേത്. അർജുനനെ പരീക്ഷിക്കാൻ കാട്ടാള വേഷത്തിൽ വരുന്ന ശിവന്റെ കഥയാണ് അരങ്ങിലെത്തിച്ചത്.

ചുമയും കഫക്കെട്ടും മൂലം ആരോഗ്യസ്ഥിതി പ്രതികൂലമായെങ്കിലും കലോത്സവവേദിയിൽ എത്തണമെന്ന ആഗ്രഹത്തിന് മുന്നിൽ അതൊന്നും വിലങ്ങുതടിയായില്ല. ഭരതനാട്യവും കുച്ചിപ്പുടിയുമായിരുന്നു ചെറുപ്പം മുതൽ പരിശീലിക്കുന്നതെങ്കിലും വ്യക്തിഗത നൃത്ത ഇനത്തിൽ സബ് ജില്ലാ തലത്തിൽ ഒരു സ്കൂളിൽ നിന്നും അഞ്ച് പേർക്ക് മാത്രമാണ് മത്സരിക്കാൻ കഴിയുകയെന്നതിനാൽ മുതിർന്ന ക്ലാസിലെ വിദ്യാർത്ഥികൾക്ക് കൂടി അവസരം ലഭിക്കുന്നതിനായി മാറിക്കൊടുക്കേണ്ടി വന്നുവെന്ന് അമേഘ് പറഞ്ഞു. ചുരുങ്ങിയ നാളുകൾ കൊണ്ടാണ് കേരളനടനം പരിശീലിച്ചത്. ജില്ലാ തലത്തിൽ മികവ് തെളിയിച്ച് സംസ്ഥാന തലത്തിലേക്ക് പോരുമ്പോൾ മനുവിനും അമേഘിന്റെ കുടുംബത്തിനും അതിയായ സന്തോഷം തോന്നിയെങ്കിലും സാമ്പത്തിക പരാധീനതകൾ തളർത്തി.

അച്ഛൻ ഭാസ്കരനും അമ്മ അനുവും മക്കളുടെ സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കാൻ ആഗ്രഹമുണ്ടെങ്കിലും കൂലിപ്പണി ഉപജീവനമാർഗമായിട്ടുള്ള ഇവർക്ക് മുന്നിൽ വെല്ലുവിളികൾ അനവധിയായിരുന്നു. കുടലിൽ ദ്വാരം വീണതിനെ തുടർന്ന് അച്ഛൻ ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമിക്കുന്നതിനാൽ കുടുംബത്തിന്റെ ദൈനംദിന ചെലവുകൾ പോലും പ്രതിസന്ധിയിലാണ്. 20 വർഷമായി നൃത്തം പരിശീലിപ്പിക്കുന്ന മനു വളരെ ചെറിയ തുക മാത്രമാണ് ഫീസായി ഈടാക്കുന്നത്. കുറച്ചു വിദ്യാർത്ഥികൾ നൽകിയ ഫീസ് ഉപയോഗിച്ചാണ് സംസ്ഥാനതല കലോത്സവ വേദിയിലെത്തിയത്. തുടർന്നും തനിക്ക് കഴിയുന്ന സമയം വരെ ഇരുവരെയും നൃത്തവേദികളിലെത്തിക്കുമെന്ന് മനു ദേവ് പറഞ്ഞു.