photo
തെരുവ് നായയുടെ ആക്രമണേറ്റ് ഏഴ് വയസ്സുകാരൻ അശ്വിൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ തീവ്രപര്യരണത്തിൽ

കരുനാഗപ്പള്ളി :വീടിനകത്ത് സഹോദരിയുമായി കളിച്ചുകൊണ്ടിരുന്ന 7 വയസുകാരനും വലിയച്ഛനും തെരുവ് നായുടെ കടിയേറ്റു. മാരക പരക്കുകളോടെ ഇരുവരേയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തഴവാ കടത്തൂർ കോട്ടുകര വീട്ടിൽ ഉണ്ണിയുടെയും ലിജിയുടെയും മകൻ അശ്വിൻ (7) , വലിയച്ഛൻ അനി (45) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ 9.30ന് സഹോദരിയുമൊത്ത് വീട്ടിലിരുന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ വീടിനകത്ത് കയറി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഒാടിയെത്തിയ വലിയച്ഛൻ കണ്ടത് കുട്ടിയെ നിലത്തിട്ട് കടിക്കുന്നതാണ്. വലിയച്ഛൻ കൈയ്യിൽ കിട്ടിയ വിറക് കഷണവുമായി നായയെ നേരിട്ടു. ഇതിനിടെ അനിക്ക് മൂന്ന് കടിയും കുട്ടിക്ക് തലയ്ക്കും വയറിനും കൈയ്യിലുമായി ആഴത്തിലുള്ള 7 കടിയുമാണ് ഏറ്റത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി കടിയേറ്റ ഇരുവരെയും പ്രാഥമിക ശുശ്രൂഷക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.