
കൊല്ലം: 'മാതാവും പിതാവും ഗുരുവും കാണപ്പെട്ട ദൈവങ്ങളാണ്, അവരെ ആരും ഉപേക്ഷിക്കരുത്' എന്ന സന്ദേശവുമായി പത്തനാപുരം ഗാന്ധിഭവൻ അഭയകേന്ദ്രത്തിലെ 20 അമ്മമാർ ആശ്രാമം മൈതാനിയിലെ കലോത്സവ നഗരിയിലെത്തി. 'മാതാ പിതാ ഗുരു ദൈവം, മാതാപിതാക്കളെ സ്നേഹിക്കുക ആദരിക്കുക സംരക്ഷിക്കുക, നിങ്ങൾ മാതാപിതാക്കളോട് കരുണയുള്ളവരാകുവിൻ എങ്കിൽ ദൈവം നിങ്ങളോടും കരുണ കാട്ടും, ഏതു നിലയിലെത്തിയാലും നിങ്ങൾ അച്ഛനമ്മമാരെ കൈവിടരുതേ മക്കളേ' തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായാണ് അമ്മമാർ എത്തിയത്. കലാകാരിയായ അന്തേവാസി പ്രഭാവതിഅമ്മയാണ് കുട്ടികൾക്ക് നന്മയുടെ സന്ദേശം പകരുന്ന ആശയവുമായി കലോത്സവം കാണാൻ പോകാമെന്ന ആശയം മുന്നോട്ട് വച്ചത്.
ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്നേഹപ്രയാണം ആയിരം ദിനങ്ങൾ പദ്ധതിയിൽ ഓരോ ദിവസവും വിവിധ വിദ്യാലയങ്ങളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയും അവർ നന്മയുടെ പാഠങ്ങൾ ഉൾക്കൊണ്ട് മടങ്ങുകയും ചെയ്യുന്നു. 563 ദിവസം പിന്നിട്ട പദ്ധതിയിൽ ഇതിനോടകം ഇരുപതിനായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഒരു ദിനം പോലും മുടങ്ങാതെ ഈ സംഗമം ആയിരം ദിവസം പൂർത്തിയാക്കുമ്പോൾ ഒരു ലക്ഷം വിദ്യാർത്ഥികൾ ഗാന്ധിഭവനിലെത്തി നന്മയുടെ സന്ദേശവാഹകരായി മടങ്ങുമെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു.