എഴുകോൺ : പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എഴുകോൺ - ഇലഞ്ഞിക്കോട് - പാലക്കുഴി റോഡിന്റെ ദുരവസ്ഥയ്ക്ക് മാറ്റമായില്ല. ടെണ്ടർ കഴിഞ്ഞെങ്കിലും സാങ്കേതിക കുരുക്കിൽ പെട്ട് നിർമ്മാണ പ്രവർത്തികൾ വൈകുന്നതാണ് കാരണം. 6.75 കി.മീറ്റർ നീളമുള്ള റോഡിന്റെ റീ ടാറിംഗിന് പൊതുമരാമത്ത് വകുപ്പ് ജി.എസ്.ടി ഉൾപ്പെടെ 8 കോടി രൂപ ചെലവാണ് കണക്കാക്കിയത്.
സർക്കാരിന്റെ അനുമതി കാത്ത്
റോഡ് പൂർണമായും ഇളക്കി വെറ്റ് മിക്സ് മക്കാഡം വിരിച്ച് ഉപരിതലം ഉറപ്പിച്ച് ഉയർന്ന സാങ്കേതിക നിലവാരത്തിലാണ് പുനർ നിർമാണം. ആദ്യത്തെ ആറ് ടെണ്ടറുകളിലും കരാറുകാർ എത്തിയിരുന്നില്ല. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന ഏഴാമത്തെ ടെണ്ടറിൽ എസ്റ്റിമേറ്റിൽ നിന്ന് അധികരിച്ച തുകയ്ക്കാണ് ക്വട്ടേഷൻ ലഭിച്ചത്. ഇത് അംഗീകരിക്കണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമാണ്. അതാണ് കഴിഞ്ഞ ഒൻപത് മാസമായി വൈകുന്നത്.
തടസങ്ങൾ നീക്കണം
എഴുകോൺ മുതൽ ഇരുമ്പനങ്ങാട് കോട്ടായിക്കോണം വരെ കല്ലട റോഡിന്റെയും ഇവിടെ നിന്ന് ഇലഞ്ഞിക്കോട് വരെ ആനയം കിള്ളൂർ കൊട്ടാരക്കര റോഡിന്റെയും ഭാഗമാണ്. കാടൂർ മുതൽ പാലക്കുഴി വരെയുള്ള റോഡ് എഴുകോണിനെ പവിത്രേശ്വരവുമായി ബന്ധിപ്പിക്കുന്ന മാറനാട് പുത്തൂർ റോഡിന്റെ ഭാഗമാണ്. ഇലഞ്ഞിക്കോട് പട്ടികജാതി സങ്കേതത്തിലേക്കുള്ള പ്രധാന യാത്രാമാർഗ്ഗമായ ഈ റോഡിലൂടെ നടക്കാൻ പോലും കഴിയില്ല. ഇരു ചക്ര വാഹനങ്ങളും ഓട്ടോകളും അപകടത്തിൽ പെടുന്നത് പതിവാണ്. കിഴക്കേ മാറനാട് അംബേദ്കർ ഗ്രാമത്തിലെ നിവാസികളുടെയും പ്രധാന യാത്രാ മാർഗ്ഗമാണിത്. എഴുകോൺ ഇരുമ്പനങ്ങാട് റോഡിലും നിറയെ വലിയ കുഴികളാണ്. സ്കൂളിലേക്കുള്ള യാത്രാവഴിയെന്ന നിലയിൽ വലിയ തിരക്കാണിവിടെ.സാങ്കേതിക തടസങ്ങൾ നീക്കി റോഡ് സഞ്ചാര യോഗ്യമാക്കാത്തതിൽ കടുത്ത അമർഷത്തിലാണ് പ്രദേശവാസികൾ.
പി.ഡബ്ള്യൂ.ഡി റോഡുകളായതിനാൽ ത്രിതല പഞ്ചായത്തുകൾക്ക് അറ്റകുറ്റ പണികൾ നടത്താനാകില്ല. തീർത്തും ശോചനീയാവസ്ഥയിലാണ് ഈ റോഡുകൾ.
ടി.ആർ.ബിജു
വികസന കാര്യ ചെയർമാൻഎഴുകോൺ ഗ്രാമ പഞ്ചായത്ത് .
റോഡ് ഗതാഗത യോഗ്യമാക്കേണ്ടത് നാടിന്റെ ആവശ്യമാണ്. സത്വര നടപടികൾ വേണം.
കെ.ബി.ബിജു
സി.പി.ഐ ലോക്കൽ സെക്രട്ടറി .