കൊല്ലം: ഇരട്ടി ആവേശത്തിലായിരുന്നു ഇന്നലെ ആശ്രാമം മൈതാനം. കലോത്സവ സമാപന സമ്മേളനത്തിന്റെ വേദിയിലേക്ക് മമ്മൂട്ടി എത്തിയതോടെ മൈതാനം അലകടൽ പോലെ ആർത്തുവിളിച്ചു, മമ്മുക്കാ... മമ്മുക്കാ...

സമാപന ചടങ്ങ് ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു. രാവിലെ 11.30ഓടെ പ്രധാന വേദിയിലെ മത്സരം അവസാനിച്ച് ആശ്രാമം മൈതാനത്ത് ആളൊഴിഞ്ഞു. പക്ഷേ, മൂന്ന് മണി മുതൽ ഒഴുക്ക് തുടങ്ങി, ആളൊഴുക്ക്! നാല് മണിയോടെ പ്രധാനവേദിക്ക് ചുറ്റും ജനസാഗരം. എല്ലാ കണ്ണുകളും മമ്മൂട്ടിയിലേക്ക്. സദസിൽ ഇടം കിട്ടാത്തവർ അവിടേക്കുള്ള വഴിയുടെ ഇരുവശവും മമ്മൂട്ടിയെ കാണാൻ കാത്തുനിന്നു. താരരാജാവ് എത്തിയതോടെ മൈതാനമാകെ ഇളകിമറിഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാത്തുനിന്നു. ഒടുവിൽ കരഘോഷം.