jh

 ഇന്ത്യാ ബുക്ക് ഒഫ് റെക്കാ‌ഡ്സ്

കൊല്ലം: ഒന്നേമുക്കാൽ വയസുള്ള കുഞ്ഞ് ഇഷക്കുട്ടി എട്ട് കിലോ 'കൂളായി' ഉയർത്തിയാണ് ഏറ്റവും പ്രായം കുറഞ്ഞ വെയിറ്റ് ലിഫ്ടറെന്ന ഇന്ത്യാ ബുക്ക് ഒഫ് റെക്കാ‌ഡ്സിനുടമയായത്.

നാല് കിലോഗ്രാം വീതം ഭാരമുള്ള കെറ്റിൽ ബെൽ കുഞ്ഞിക്കൈകളിൽ പിടിച്ചു നിറുത്തിയത് 30 സെക്കൻഡ്. അന്ന് ഇഷയുടെ ഭാരം 12 കിലോ. കൊല്ലം പുത്തൂർ പവിത്രേശ്വരം വൃന്ദാ നിവാസിൽ വൃന്ദയുടെയും സിജുവിന്റെയും മകളാണ് ഇഷ. ഷാർജയിൽ താമസിച്ചിരുന്ന സമയത്ത് അമ്മ വൃന്ദ പോയിരുന്ന ജിമ്മിലെ ട്രെയിനർ സുധിനയാണ് ഇഷയുടെ അസാധാരണ കഴിവ് തിരിച്ചറിയുന്നത്.

ജിമ്മിൽ എത്തിയാൽ കെറ്റിൽ ബെൽ ഉൾപ്പെടെ ഭാരമുള്ള വസ്തുക്കൾ ഉയർത്തലാണ് ഇഷയുടെ വിനോദം. ഇത് ശ്രദ്ധിച്ച സുധിന ഈ പ്രായത്തിൽ കുട്ടികൾ ഇത്രേം ഭാരമുള്ള സാധനങ്ങൾ ഉയർത്താറില്ലെന്ന് വൃന്ദയോട് പറഞ്ഞു. തുടർന്നാണ് ഇന്ത്യാ ബുക്ക് ഒഫ് റെക്കാ‌ഡ്സിലേക്ക് അപേക്ഷിച്ചത്. കഴിഞ്ഞവർഷം ജനുവരി 20ന് റെക്കാഡ് സ്വന്തമാക്കി. ഇപ്പോൾ രണ്ടേമുക്കാൽ വയസുള്ള ഇഷ ചിത്രം വരയ്ക്കാറുണ്ടെങ്കിലും സ്പോർട്സിനോടാണ് കൂടുതൽ താത്പര്യം. എറണാകുളത്തെ സ്വകാര്യ കോളേജിലെ അദ്ധ്യാപകനാണ് സിജു.