പടിഞ്ഞാറെ കല്ലട: പഞ്ചായത്തിലെ കോതപുരം വെട്ടിയതോട് പാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യ വാരം ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. .പാലത്തിന്റെയും സമാന്തര റോഡിന്റെയും ശേഷിക്കുന്ന ജോലികളാണ് ഇനി ബാക്കിയുള്ളത്.സമാന്തര റോഡിന്റെ ടാറിംഗ് , പാലത്തിന്റെ ഇരുവശവുമുള്ള കൈവരികളുടെ പെയിന്റിംഗ് ,നടപ്പാതകളിൽ തറയോട് പാകൽ എന്നീ ജോലികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുന്നതോടെ പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുവാൻ കഴിയും.

ലൈറ്റുകൾ സ്ഥാപിക്കണം

പുതുതായി നിർമ്മിച്ച പാലത്തിൽ വൈദ്യുതി ലൈറ്റുകളില്ല. ഇവ സ്ഥാപിക്കുന്നതിനുള്ള അനുമതി പൊതുമരാമത്ത് വകുപ്പ് ഗ്രാമപഞ്ചായത്തിന് നൽകാറാണ് പതിവ്. ഇതിന്റെ ചെലവ് ഗ്രാമപഞ്ചായത്താ ണ് വഹിക്കേണ്ടത്.സമീപപ്രദേശത്തായി അടുത്തകാലത്ത് പൊതു ഗതാഗതത്തിനായി തുറന്നുകൊടുത്ത തലയിണക്കാവ് റെയിൽവേ അടിപ്പാതയിൽ റെയിൽവേ അനുമതി നൽകാമെന്ന് പറഞ്ഞിട്ടും പഞ്ചായത്ത് ഇതുവരെ അവിടെ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല.ദിനംപ്രതി 100 കണക്കിന് വാഹനങ്ങളും കാൽനട യാത്രക്കാരും കടന്നുപോകുന്ന ഈ പാലത്തിൽലൈറ്റുകൾ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.